അബുദാബി: കോവിഡിനെതിരായ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതായി യുഎഇ. പരീക്ഷണം വിജയകരമായാല്‍ വാക്സിന്‍റെ വന്‍ തോതിലുള്ള ഉല്‍പാദനം ആരംഭിക്കുമെന്നും യുഎഇ ആരോഗ്യ-രോഗ പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഒവൈസ് അറിയിച്ചു.
മൂന്നാംഘട്ടത്തില്‍ രണ്ടുതരം പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ച് ഗവേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച്ച നടന്ന വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിന്‍ സംബന്ധിച്ച പഠനത്തിനും ഗവേഷണത്തിനുമായി 15,000-ത്തിലധികം വോളണ്ടിയര്‍മാര്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇവര്‍ക്കാവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായും മന്ത്രി പറഞ്ഞു.
ഗവേഷണത്തിനായി ആഗോളതലത്തിലെ മികച്ച മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്ന് യുഎഇ ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. വാക്സിന്‍ പരീക്ഷണം വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് യുഎഇ ഭരണകൂടം. പരീക്ഷണം വിജയിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം ആദ്യത്തോടെയോ വാക്സിന്‍ ലഭ്യമാകുമെന്ന് യുഎഇ നേരത്തെ അറിയിച്ചിരുന്നു.


















