പാലക്കാട്: തേങ്കുറിശി ദുരഭിമാന കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ ഗൂഢാലോചന ഉള്‍പ്പെടെയുളള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും കുറ്റപത്രം വേഗത്തില്‍ നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്ത ക്രൈംബ്രാഞ്ച് സംഘം കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു. കുഴല്‍മന്ദം പോലീസ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കേസ് വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത, അനീഷിന്റെ അച്ഛന്‍ ആറുമുഖന്‍, അമ്മ രാധ, സഹോദരന്‍ അരുണ്‍ ഉള്‍പ്പെടെയുളളവരില്‍ നിന്ന് വിശദമായ മൊഴിയെടുക്കല്‍.
കൊലപാതകം നടന്ന മാനാംകുളമ്പും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ശാസ്ത്രീയ പരിശോധനാഫലങ്ങളും സാക്ഷിമൊഴികളും ഉള്‍പ്പെടെ പരിശോധിച്ച ശേഷമേ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലേക്ക് എത്തുകയുളളു.










