സിനിമാ മേഖലയ്ക്ക് സര്‍ക്കാര്‍ സമഗ്രപാക്കേജ് പ്രഖ്യാപിക്കാതെ തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തീരുമാനം ഉണ്ടാകാതെ തിയേറ്ററുകള്‍ തുറക്കാനാകില്ല. വിനോദനികുതി ഒഴിവാക്കണം, വൈദ്യുതി ചാര്‍ജില്‍ ഇളവ് വേണം, അമ്പത് ശതമാനം ആളുകളെവെച്ച് പ്രദര്‍ശനം സാധ്യമാകില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു. റിലീസ് വേണ്ടെന്ന് നിര്‍മാതാക്കളും വിതരണക്കാരും അഭിപ്രായപ്പെട്ടു. ഇതര ഭാഷ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കില്ല.
അതേസമയം, സംസ്ഥാനത്തെ സിനിമ സംഘടനകള്‍ ലയിക്കുന്നു. ഫിയോക്,എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനമെടുത്തത്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിതമായി നീങ്ങണമെന്ന പൊതുവികാരത്തെ തുടര്‍ന്നാണ് നീക്കം. ഒരു വര്‍ഷത്തോളം നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.