കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകള്‍ മറ്റെന്നാള്‍ തുറക്കും. ഇതുമായി ബന്ധപ്പെട്ട ഒദ്യോഗിക തീരുമാനം സിനിമ സംഘടനകള്‍ വൈകുന്നേരം പ്രഖ്യാപിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. തിയറ്ററുകള്‍ തുറക്കുന്നതോടെ വിജയ് അഭിനയിച്ച മാസ്റ്റര്‍ മറ്റെന്നാള്‍ റിലീസ് ചെയ്യും.
2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കുകയും ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. അതേസമയം തിയറ്ററുകള്‍ക്ക് ഇളവ് അനുവദിച്ചതില്‍ നടനും അമ്മ താര സംഘടന പ്രസിഡന്റുമായ മോഹന്‍ലാല്‍ നന്ദി പറഞ്ഞു. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകളാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും താരം പറഞ്ഞു.
നീണ്ട മാസക്കാലത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും സിനിമാ മേഖലയ്ക്ക് സര്‍ക്കാര്‍ സമഗ്രപാക്കേജ് പ്രഖ്യാപിക്കാതെ തിയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാടിലായിരുന്നു സംഘടനകള്‍.
https://www.facebook.com/ActorMohanlal/posts/3621906037865066











