ആഗോള വ്യാപകമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ 2021 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷിതമാണെന്ന് തെളിയിക്കാത്ത കോവിഡ് വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കണ്ടെത്തിയ വാക്സിനുകള്‍ സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും തെളിയിച്ചാല്‍ മാത്രമേ അംഗീകാരം നല്‍കാന്‍ സാധിക്കൂ. വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം പലയിടത്തും നടത്തുകയാണെന്നും ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച യു.എസില്‍ ആഴ്ചകള്‍ക്കകം വാക്സിന്‍ പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടന നിലപാട് വ്യക്തമാക്കിയത്. കോവിഡ് പരീക്ഷണഘട്ടം പൂര്‍ത്തിയാക്കിയതായി റഷ്യയും അറിയിച്ചിട്ടുണ്ട്.
വാക്സിന് പരീക്ഷണത്തിന്‍റെ മൂന്നാംഘട്ടം ദൈര്‍ഘ്യമേറിയതാണ്. എത്രത്തോളം സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും ഈ ഘട്ടത്തിലാണ് തിരിച്ചറിയാനാകുകയെന്നും അവര്‍ പറഞ്ഞു. ധാരാളം ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. വാക്സിന്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നത് നമുക്കറിയില്ല. ഈ ഘട്ടത്തില്‍ ഫലപ്രാപ്തിയുടെയും സുരക്ഷയുടെയും കൃത്യമായ അളവിനെ കുറിച്ച് വ്യക്തമായ വിവരം ഞങ്ങള്‍ക്ക് ഇല്ല -അവര്‍ പറഞ്ഞു.
മനുഷ്യരില്‍ പരീക്ഷണം നടത്തി രണ്ട് മാസം തികയുന്നതിന് മുമ്ബ് തന്നെ കോവിഡ് വാക്സിന്‍ ഉപയോഗിക്കുന്നതിന് റഷ്യ അനുമതി നല്‍കിയിരുന്നു. ഇത് വ്യാപക വിമര്‍ശനവും ഏറ്റുവാങ്ങി. ആഴ്ചകള്‍ക്കകം യു.എസിലും വാക്സിന് അനുമതി നല്‍കുമെന്നാണ് വിവരം.











