ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്നതിന് മുന്നോടിയായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രയല്‍ റണ്‍ നടത്തി.
യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായി നടന്ന ട്രയല്‍ റണ്ണില്‍ സ്വദേശികളും വിദേശികളുമായ 150ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി, ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുസ്‌നി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് പരിശോധനക്ക് തുടക്കമായത്.
വന്നിറങ്ങുന്നവരുടെ രജിസ്‌ട്രേഷന്‍, ഇമിഗ്രേഷന്‍, കോവിഡ് പി.സി.ആര്‍ ടെസ്റ്റിന് സാമ്പ്ള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം, ബാഗേജ് ക്ലെയിം ഹാള്‍ വഴിയുള്ള എക്‌സിറ്റ് തുടങ്ങിയ വിഭാഗങ്ങളുടെ പരിശോധനയാണ് നടന്നത്.എല്ലാവിധ സുരക്ഷ മുന്നൊരുക്കങ്ങളും പാലിച്ചാണ് പരിശോധന നടന്നത്. ഉച്ചക്ക് ശേഷം കുറഞ്ഞ എണ്ണം വളന്റിയര്‍മാരുടെ പങ്കാളിത്തത്തില്‍ ഡ്രൈവ് ഇന്‍ കോവിഡ് പരിശോധന സംവിധാനത്തിന്റെ പ്രവര്‍ത്തനവും അവലോകനം ചെയ്തു. പരിശോധനയില്‍ ഭാഗമായ വളന്റിയര്‍മാര്‍ക്ക് സൗജന്യ പി.സി.ആര്‍ പരിശോധനയും നടത്തി