ലക്‌നൗ: ജയ് ശ്രീംറാം വിളിക്കാത്തതിന് ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ അഫ്താബ് അലാം(45) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകം ജയ് ശ്രീറാം വിളിക്കാത്തതിനാണെന്ന് കുടുംബം ആരോപിച്ചെങ്കിലും പോലീസ് തള്ളിക്കളഞ്ഞു.
ബുലന്ദ്ശഹറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ രണ്ടുപേര്‍ അഫ്താബിന്റെ ടാക്‌സിയില്‍ കയറുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും പോലീസ്
പറഞ്ഞു. സംഭവത്തില്‍ ബദലാപുര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് പിതാവ് തന്നെ വിളിച്ചിരുന്നതായും അക്രമികള്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്നത് താന്‍ കേട്ടതായും അഫ്താബിന്റെ മകന്‍ പറഞ്ഞു.
കാര്‍ ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചയുടന്‍ ദാദ്രി പോലീസ് സംഭവ സ്ഥലത്ത് എത്തി അഫ്താബിന്റെ കാര്‍ കണ്ടെത്തിയെന്ന് നോയിഡ എസിപി രാജിവ് കുമാര്‍ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ അഫ്താബ് കാറിനുള്ളില്‍ കിടക്കുകയായിരുന്നു. അക്രമികള്‍ രക്ഷപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.











