മുംബൈ: ഏഴ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം ഇന്നലെ നഷ്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് വീണ്ടും നേട്ടത്തിലേക്ക് തിരികെ വന്നു. 35 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 13,513 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 139 പോയിന്റ് ഇടിഞ്ഞ് 46,099ല്‍ ക്ലോസ് ചെയ്തു.
ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടമാണ് ഇന്ന് ദൃശ്യമായത്. രാവിലെ 11,579 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി അവിടെ നിന്ന് 13,402 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും അവസാന മണിക്കൂറുകളില്‍ വീണ്ടും 11,500 പോയിന്റിന് മുകളിലേക്ക് തിരികെ ഉയര്‍ന്നു.
മെറ്റല്‍, പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്ന് ഉയര്‍ന്നത്. മെറ്റല്‍ ഓഹരികളില്‍ ഒഎന്‍ജിസിയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ഒഎന്‍ജിസിയുടെ മുന്നേറ്റത്തിന് കാരണം. ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വില കഴിഞ്ഞ മാര്‍ച്ചിനു ശേഷം ആദ്യമായി ബാരലിന് 50 ഡോളര്‍ മറികടന്നു. മഹാമാരിക്കുള്ള വാക്സിന്‍ ലഭ്യമായി തുടങ്ങിയതോടെ ക്രൂഡ് ഓയിലിന്റെ ഡിമാന്റ് കരുതിയതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് വില കയറ്റത്തിന് പിന്നില്‍.
നിഫ്റ്റി മെറ്റല്‍ സൂചിക 1.06 ശതമാനം ഉയര്‍ന്നു. അതേ സമയം ഐടി, ഫാര്‍മ, ഓട്ടോ ഓഹരികള്‍ ഇടിവ് നേരിട്ടു. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 24 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 26 ഓഹരികളാണ് നഷ്ടത്തിലായത്. ഒഎന്‍ജിസി, എന്‍ടിപിസി, ഗെയില്‍, കോള്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. ഒഎന്‍ജിസി, എന്‍ടിപിസി, ഗെയില്‍ എന്നീ ഓഹരികള്‍ 5 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.



















