മുംബൈ: തുടര്‍ച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണി നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി ആദ്യമായി 13,900 പോയിന്റിന് മുകളിലേക്ക് നീങ്ങുന്നതിന് ഇന്നലെ സാക്ഷ്യം വഹിച്ച ഓഹരി വിപണി ഇന്ന് 14,000 പോയിന്റിന് തൊട്ടടുത്തെത്തി. 49 പോയിന്റ് ഉയര്‍ന്ന് 13,982ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെന്‍സെക്സ് 133 പോയിന്റ് ഉയര്‍ന്ന് 47,746ല്‍ വ്യാപാരം അവസാനിപ്പിച്ചു.
രാവിലെ നേട്ടത്തോടെ തുടങ്ങിയ നിഫ്റ്റി ഇന്ന് വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നീങ്ങി. 13,997 എന്ന പുതിയ റെക്കോഡ് നിലവാരമാണ് ഇന്ന് നിഫ്റ്റി രേഖപ്പെടുത്തിയത്. അതേസമയം ഇന്ന് വിപണി കടുത്ത ചാഞ്ചാട്ടമാണ് നേരിട്ടത്. എങ്കിലും ക്ലോസ് ചെയ്തപ്പോള്‍ വിപണി നേട്ടം നിലനിര്‍ത്തി.
അതേസമയം 14,000ലെ പ്രതിരോധം ഭേദിക്കാന്‍ നിഫ്റ്റിക്ക് സാധിച്ചില്ല. എന്നാല്‍ ധനപ്രവാഹം ശക്തമായതിനാല്‍ അടുത്ത ദിവസങ്ങളില്‍ നിഫ്റ്റി 14,000 പോയിന്റിന് മുകളിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്സിന് ഇന്ത്യ അനുമതി നല്‍കുകയാണെങ്കില്‍ വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങും. അടുത്ത ആഴ്ച വാഹന വില്‍പ്പന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനാല്‍ ഓട്ടോ ഓഹരികളായിരിക്കും വിപണിയുടെ ഗതി നിര്‍ണയിക്കുന്നത്.
അള്‍ട്രാടെക് സിമന്റ്, ഗ്രാസി ഇന്റസ്ട്രീസ്, ശ്രീ സിമന്റ്സ്, ബജാജ് ഫിനാന്‍സ്, ഏയ്ഷര്‍ മോട്ടോഴ്സ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ നിഫ്റ്റി ഓഹരികള്‍. അള്‍ട്രാടെക് സിമന്റ്, ഗ്രാസി ഇന്റസ്ട്രീസ് എന്നീ ഓഹരികള്‍ 3 ശതമാനത്തിലേറെ ഉയര്‍ന്നു. കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കും സണ്‍ ഫാര്‍മയുമാണ്.