മുംബൈ: തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണി നഷ്ടം രേഖപ്പെടുത്തി. തുടര്‍ച്ചയായ പത്ത് ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്നലെ മുതലാണ് ഓഹരി വിപണി നഷ്ടം രേഖപ്പെടുത്താന്‍ തുടങ്ങിയത്. സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത് 48093ലാണ്. സെന്‍സെക്സ് 80 പോയിന്റ് ഇടിഞ്ഞു.
ഓഹരി വിപണി ഇന്നും നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും ക്ലോസിംഗില്‍ നേട്ടം നിര്‍ത്താനായില്ല. 14,256 പോയിന്റ് എന്ന പുതിയ ഉയരം തൊട്ടതിനു ശേഷം നിഫ്റ്റി വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെടുകയും ഉയര്‍ന്ന നിലയില്‍ നിന്നും 120 പോയിന്റ് ഇടിയുകയും ചെയ്തു. അവസാന മണിക്കൂറുകളില്‍ മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും നേട്ടം രേഖപ്പെടുത്താനാകാതെ 14,137ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
മെറ്റല്‍ ഓഹരികള്‍ മികച്ച നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി മെറ്റല്‍ ഇന്‍ഡക്സ് ഇന്ന് 3.83 ശതമാനം ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ സിങ്ക് 14 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ കോപ്പര്‍, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, നാല്‍കോ, ജെഎസ്പിഎല്‍, സെയില്‍, ജെസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ മെറ്റല്‍ ഓഹരികളും നാല് ശതമാനം മുതല്‍ എട്ട് ശതമാനം വരെ ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ കോപ്പര്‍. ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ജെഎസ്പിഎല്‍, ജെസ്ഡബ്ല്യു സ്റ്റീല്‍ എന്നീ ഓഹരികള്‍ ഇന്ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ് രേഖപ്പെടുത്തി.
എഫ്എംസിജി, ഐടി, ഫാര്‍മ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും നേട്ടം രേഖപ്പെടുത്തി. 23 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 27 ഓഹരികള്‍ ലാഭത്തിലായി.