മുംബൈ: ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാരദിനത്തില്‍ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 172 പോയിന്റും നിഫ്‌റ്റി 56 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്.
38,212 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് ക്ലോസ് ചെയ്‌തത്. 38,430 പോയിന്റ് വരെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു. 11,270ലാണ് നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്. 11,337 പോയിന്റ് വരെ വ്യാപാരത്തിനിടെ എത്തിയിരുന്നു. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പ് 11,300ന് മുകളില്‍ തുടരാന്‍ നിഫ്‌റ്റിയെ അനുവദിച്ചില്ല.
ഫാര്‍മ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ലയുടെ കഴിഞ്ഞ വെള്ളിയാഴ്‌ച പുറത്തു വന്ന ത്രൈമാസ പ്രവര്‍ത്തന ഫലം ഇന്ന് ഫാര്‍മ ഓഹരികളുടെ മുന്നേറ്റത്തിന് വഴിവെച്ചു. സിപ്ലയുടെ ഓഹരി വില ഇന്ന് 9.5 ശതമാനമാണ് ഉയര്‍ന്നത്.
നിഫ്‌റ്റി ഫാര്‍മ സൂചിക ഇന്ന് അഞ്ചര ശതമാനം മുന്നേറ്റം രേഖപ്പെടുത്തി. ദിവിസ് ലാബ്, സിപ്ല, ലുപിന്‍, സണ്‍ ഫാര്‍മ, അര്‍ബിന്ദോ ഫാര്‍മ, ഡോ.റെഡ്‌ഢീസ് ലാബ് തുടങ്ങിയ ഫാര്‍മ ഓഹരികള്‍ ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ഓട്ടോമൊബൈല്‍ ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. സിപ്ല, മഹീന്ദ്ര & മഹീന്ദ്ര, എല്‍&ടി, ടാറ്റാ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. മഹീന്ദ്ര & മഹീന്ദ്ര 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, ബിപിസിഎല്‍, റിലയന്‍സ് ഇന്റസ്‌ട്രീസ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍. ഏയ്‌ഷര്‍ മോട്ടോഴ്‌സ് 2.19 ശതമാനവും ഏഷ്യന്‍ പെയിന്റ്‌സ് 1.23 ശതമാനവും നഷ്‌ടം നേരിട്ടു.