തിരുവനന്തപുരം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിര്‍വഹണ മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടിയതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനിതാ ഭാസ്‌കര്‍ അറിയിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന എന്യൂമറേറ്റര്‍മാര്‍ സാമ്പത്തിക സെന്‍സസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങളും ശേഖരിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ എന്യൂമറേറ്റര്‍മാരെ തടയുകയോ ചെയ്യരുതെന്നും പ്രസ്തുത വിവരശേഖരത്തില്‍ കൃത്യമായ വിവരം ലഭ്യമാക്കണമെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
രാജ്യത്തിന്റെ വിവിധോന്മുഖമായ സമഗ്ര പുരോഗതിക്ക് വേണ്ടി നടത്തപ്പെടുന്ന സാമ്പത്തിക കണക്കെടുപ്പില്‍ സംരംഭങ്ങളും അവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഉടമസ്ഥതയിലെ പാര്‍ട്ട്ണര്‍ഷിപ്പ്, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, തൊഴിലാളികളുടെ എണ്ണം, വാര്‍ഷികവരുമാനം, രജിസ്‌ട്രേഷന്‍ മറ്റു ശാഖകള്‍, മുതല്‍മുടക്കിന്റെ പ്രധാന സ്രോതസ്സ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. സംരംഭങ്ങള്‍ ഇല്ലാത്ത വീടുകളില്‍ ഗൃഹനാഥന്റെ പേര്, വിലാസം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്.
സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് കോവിഡ് മൂലം തടസ്സപ്പെട്ടതിനാലാണ് സെന്‍സസ് നീട്ടിയത്. ഇന്ത്യയില്‍ 1977 മുതല്‍ സാമ്പത്തിക സെന്‍സസ് നടന്നുവരുന്നു 2013ലായിരുന്നു ആറാം സാമ്പത്തിക സെന്‍സസ് നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ കോമണ്‍ സര്‍വീസ് സെന്ററിന്റെ പരിശീലനം സിദ്ധിച്ച എന്യൂമറേറ്റര്‍മാര്‍ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഏഴാമത് സാമ്പത്തിക സെന്‍സസിനുവേണ്ട വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ചീഫ് സെക്രട്ടറി സംസ്ഥാനതല ചെയര്‍മാനും ജില്ലാ കളക്ടര്‍മാര്‍ ജില്ലാതലത്തില്‍ ചെയര്‍മാനുമായി രൂപീകരിക്കപ്പെട്ട കമ്മിറ്റി ഇതിന് സംയുക്തമായി മേല്‍നോട്ടം നിര്‍വഹിക്കുന്നു.