മുംബൈ: ബജറ്റ് ദിനത്തില്‍ ഓഹരി വിപണിയിലുണ്ടാകുന്ന സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇന്ന് കണ്ടത്. സെന്‍സെക്സ് 5 ശതമാനം ഉയര്‍ന്ന് 48,600ലേക്കും നിഫ്റ്റി 4.7 ശതമാനം ഉയര്‍ന്ന് 14,281ലേക്കും എത്തി.
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണത്തെ തുടര്‍ന്ന് ഓഹരി വിപണി കുതിച്ചു കയറുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനു ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മുന്നേറ്റമാണ് ഇന്ന് വിപണിയില്‍ കണ്ടത്.
നിഫ്റ്റിയിലെ 50 ഓഹരികളില്‍ 45ഉം നേട്ടം രേഖപ്പെടുത്തി. ഇതില്‍ നാല് നിഫ്റ്റി ഓഹരികള്‍ 10 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എസ്ബിഐ എന്നിവയാണ് 10 ശതമാനത്തിലേറെ ഉയര്‍ന്നത്.
2021-22ല്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 22,000 കോടി രൂപ അധിക മൂലധനമായി നല്‍കുമെന്ന കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി. ബാങ്ക് നിഫ്റ്റി 2500 പോയിന്റ് മുന്നേറി. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 7.8 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനു ശേഷം പൊതുമേഖലാ ബാങ്ക് സൂചിക രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഇത്.
നിഫ്റ്റി മിഡ്കാപ് സൂചിക 3.3 ശതമാനവും സ്മോള്‍കാപ് സൂചിക രണ്ട് ശതമാനവും ഉയര്‍ന്നു. ഇന്‍ഷുറന്‍സ് കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്തിയത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വില 5 ശതമാനം മുതല്‍ 10 ശതമാനം വരെ ഉയരുന്നതിന് വഴിവെച്ചു.



















