മുംബൈ: സെന്‍സെക്‌സ് 40,000 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ് 303 പോയിന്റും നിഫ്‌റ്റി 95 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്.
40,182 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്. 40,062 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. 40,468.88 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. നിഫ്‌റ്റി 11,800 പോയിന്റിന് മുകളിലേക്ക് ഉയരുകയും ആ നിലവാരത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തു. മികച്ച നിലയില്‍ തുടങ്ങിയ നിഫ്‌റ്റി 11,905 പോയിന്റ് വരെ ഉയര്‍ന്നു. അതിനു ശേഷം 11,834ലാണ് ക്ലോസ് ചെയ്‌തത്.
ആഗോള വിപണിയിലെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും കണ്ടത്. ഐടി ഓഹരികളാണ് ഇന്ന് പ്രധാനമായും മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലായിരുന്നു. 28 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 22 ഓഹരികളാണ് നഷ്‌ടത്തിലായത്. വിപ്രോ, സിപ്ല, ടിസിഎസ്, അള്‍ട്രാടെക് സിമന്റ്, ഇന്‍ഫോസിസ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. വിപ്രോ 7.34 ശതമാനം ഉയര്‍ന്നു.
ഗെയില്‍, ഒഎന്‍ജിസി, ഐടിസി, ഏയ്‌ഷര്‍ മോട്ടോഴ്‌സ്, എല്‍&ടി എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.