മുംബൈ: ഓഹരി വിപണി കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 39,000 പോയിന്റിന് മുകളിലും നിഫ്‌റ്റി 11,500 പോയിന്റിന് മുകളിലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 230 പോയിന്റും നിഫ്‌റ്റി 77 പോയിന്റും നേട്ടം രേഖപ്പെടുത്തി. ഓട്ടോമൊബൈല്‍, ബാങ്ക് ഓഹരികളാണ് വിപണിയിലെ കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചത്.
39,073 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 39,111 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു. 38,765 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില.
ഇന്നലെ യുഎസ് ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ പുതിയ റെക്കോഡ് സൃഷ്‌ടിച്ചിരുന്നു. തുടര്‍ച്ചയായി ഓഹരി വിപണി കുതിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഇന്ത്യന്‍ വിപണിയിലെ കുതിപ്പിലും പ്രതിഫലിച്ചത്. പ്രധാനമായും ആഗോള സൂചനകളാണ് ഇന്ത്യന്‍ വിപണിയെ ഇപ്പോള്‍ നയിക്കുന്നത്.
നിഫ്‌റ്റി 11,549 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 11,462 പോയിന്റ് വരെ ഇടിഞ്ഞതിനു ശേഷമാണ് മികച്ച നിലയില്‍ വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 32 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 18 ഓഹരികള്‍ നഷ്‌ടം നേരിട്ടു. ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോഴ്‌സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, സീ ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ടാറ്റാ മോട്ടോഴ്‌സ് 8.81 ശതമാനവും ഹീറോ മോട്ടോഴ്‌സ് 6.49 ശതമാനവും ഉയര്‍ന്നു. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, സീ ലിമിറ്റഡ് എന്നിവ അഞ്ച് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
നിഫ്‌റ്റി ബാങ്ക് സൂചിക 1.39 ശതമാനവും നിഫ്‌റ്റി ഓട്ടോ സൂചിക 1.46 ശതമാനവും ഉയര്‍ന്നു. ഇരുചക്ര വാഹനങ്ങളുടെ ജിഎസ്‌ടി വെട്ടിക്കുറയ്‌ക്കാന്‍ നീക്കം നടക്കുന്നത് ഈ മേഖലയിലെ കമ്പനികള്‍ക്ക് ഗുണകരമായി. ഹീറോ മോട്ടോഴ്‌സ് കുതിച്ചതിന് പ്രധാന കാരണം ഇതാണ്.
ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക് സിമന്റ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക് സിമന്റ്‌സ് എന്നിവ രണ്ട് ശതമാനത്തിന് മുകളില്‍ ഇടിവ് നേരിട്ടു.