രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നടത്താൻ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി. ഇതുസംബന്ധിച്ച് റിട്ടേണിംഗ് ഓഫീസർ കൂടിയായ നിയമസഭാ സെക്രട്ടറി എം. എൽ. എമാരെ മുൻകൂട്ടി അറിയിക്കും.
തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിൽ നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻ നായർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, തിരഞ്ഞെടുപ്പ് നോഡൽ ഓഫീസറായി സംസ്ഥാന സർക്കാർ നിയോഗിച്ച പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ എന്നിവർ യോഗം ചേർന്നിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ചുമതല പുനീത്കുമാറിനാണ് നൽകിയിരിക്കുന്നത്. നിയമസഭാ സെക്രട്ടറിയുമായി ചേർന്ന് ഇതിനാവശ്യമായ നടപടി അദ്ദേഹം സ്വീകരിക്കും. ഏതെങ്കിലും അംഗം കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിലാണെങ്കിലോ നേരിട്ട് വരാൻ കഴിയാത്ത സ്ഥിതിയിലാണെങ്കിലോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം റിട്ടേണിംഗ് ഓഫീസർ ഒരുക്കണം. ഇത്തരത്തിൽ ലഭിക്കുന്ന വോട്ട് പ്രത്യേകം സൂക്ഷിക്കുകയും അണുമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുകയും വേണം. കോവിഡ് പോസിറ്റീവ് ആയവർ, ക്വാന്റീനിലുള്ളവർ, രോഗം സംശയിക്കുന്നവർ തുടങ്ങിയവരെല്ലാം വിവരം മുൻകൂട്ടി റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം.


















