ജൂലൈ 22ന് നടക്കുന്ന ഇന്ത്യ ഐഡിയാസ് സമ്മിറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും.യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലാണ് ഉച്ചകോടിയുടെ ആതിഥേയര്‍. കൗണ്‍സിലിനു രൂപം നല്‍കിയതിന്റെ നാല്‍പത്തി അഞ്ചാം വാര്‍ഷികാഘോഷവേളയിലാണ് ഉച്ചകോടി നടത്തുന്നത്. ‘മികച്ച ഭാവി കെട്ടിപ്പടുക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം.
വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഇന്ത്യ-യുഎസ് നയതന്ത്രജ്ഞര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായമേഖലയില്‍ നിന്നും സമൂഹത്തിലെ വിവിധതുറകളില്‍ നിന്നുമുള്ള ചിന്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, വിര്‍ജീനിയ സെനറ്ററും സെനറ്റ് ഇന്ത്യ കോക്കസിന്റെ സഹ അധ്യക്ഷനുമായ മാര്‍ക്ക് വാര്‍ണര്‍, ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലി തുടങ്ങിയവരും സംസാരിക്കും. ഇന്ത്യ-യുഎസ് സഹകരണം, മഹാമാരിക്കുശേഷമുള്ള ലോകത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളില്‍ ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കും



















