ഒമാനിൽ 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്-19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹോസ്നി വ്യക്തമാക്കി. ഇവർക്കെല്ലാം സമൂഹ വ്യാപനത്തിലൂടെയാണ് രോഗബാധയുണ്ടായെതെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തിൽ വ്യക്തമാക്കി . ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് രാജ്യത്തിന് കൂടുതൽ അപകടാവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൂർണ്ണമായ സുരക്ഷാ നിബന്ധനങ്ങൾ പാലിച്ചു വേണം ഓരോ ആരോഗ്യപ്രവർത്തകരും രോഗികളെ പരിചരിക്കാൻ എന്ന മുന്നറിയിപ്പും നൽകി.
കുടുംബാംഗങ്ങൾക്കിടയിലെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിലെ വീഴ്ചകളാണ് രോഗവ്യാപനത്തിനിടയാക്കിയത്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചാൽ തീർത്തും ഒഴിവാക്കാവുന്ന ഇത്തരം രോഗവ്യാപനം, രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ, പ്രത്യേകിച്ചും വലിയ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ ഇടയിൽ, ഇത്തരം ആരോഗ്യ സുരക്ഷകൾ അവഗണിക്കുന്ന പ്രവണത വൈറസ് വ്യാപനം രൂക്ഷമാക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു .
ഇത്തരത്തിൽ സുരക്ഷാ നിർദ്ദേശങ്ങളിലെ അവഗണന മൂലമുള്ള രോഗവ്യാപനം, രാജ്യത്തെ ആരോഗ്യ മേഖലയിലെ സ്ഥിതിഗതികളിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം, അൽ ഹോസ്നി മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരോട് എത്രയും വേഗത്തിൽ കോവിഡ്-19 പരിശോധനകൾ നടത്തുന്നതിന് അദ്ദേഹം ആഹ്വാനം ചെയ്തു.പെരുന്നാളിനോട് അനുബന്ധിച്ചു കൂട്ടം കൂടുന്നതും ഒഴിവാക്കാൻ നിർദ്ദേശം . നിലവിൽ ഒമാനിൽ ദിവസവും 4000 മുതൽ 6000 കോവിഡ് പരിശോധന നടത്തുന്നുണ്ട്.












