മുംബൈ: ഓഹരി വിപണി ഇന്ന് ശക്തമായ ഇടിവ് നേരിട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വിപണി നഷ്‌ടത്തിലാകുന്നത്. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി 11,377 പോയിന്റ് എന്ന ശക്തമായ താങ്ങ് നിലവാരം ഭേദിച്ച് താഴേക്ക് പോയി. 11,333.85 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. താങ്ങ് നിലവാരം ഭേദിച്ചത് വിപണിയില്‍ ഇടിവ് തുടരാനുള്ള സാധ്യതയായിട്ടാണ് കാണേണ്ടത്.
30 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ സെന്‍സെക്‌സ് 633 പോയിന്റ് ഇടിഞ്ഞ് 38,357 പോയിന്റില്‍ ക്ലോസ് ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. നിഫ്‌റ്റി 193 പോയിന്റ് ഇടിവ് നേരിട്ടു. ഉച്ചയോടെ 11,452.05 പോയിന്റ് വരെ നിഫ്‌റ്റി ഉയര്‍ന്നെങ്കിലും അവിടെ നിന്നും 120 പോയിന്റോളം ഇടിഞ്ഞു. സെന്‍സെക്‌സ് 38,729.66 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും ഇടിവ് ശക്തമായി.
ഇന്നലെ യുഎസ് വിപണി നേരിട്ട ശക്തമായ ഇടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ടെക്‌നോളജി ഓഹരികളിലുണ്ടായ ശക്തമായ വില്‍പ്പന സമ്മര്‍ദം യുഎസ് വിപണിയെ ഇടിവിലേക്ക് നയിച്ചിരുന്നു.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 49 ഓഹരികള്‍ നഷ്‌ടം രേഖപ്പെടുത്തിയപ്പോള്‍ നേട്ടത്തിലായത് ഒരു ഓഹരി മാത്രമാണ്. മാരുതി സുസുകിയാണ് നേട്ടം രേഖപ്പെടുത്തിയ ഏക ഓഹരി. മാരുതി 1.76 ശതമാനം ഉയര്‍ന്നു.
ടാറ്റാ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, എന്‍ടിപിസി എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ അഞ്ച് ഓഹരികള്‍. ഈ അഞ്ച് ഓഹരികളും മൂന്ന് ശതമാനത്തിലേറെ നഷ്‌ടം നേരിട്ടു.
മെറ്റല്‍ ഓഹരികളാണ് ഏറ്റവും ശക്തമായ നഷ്‌ടം നേരിട്ടത്. നിഫ്‌റ്റി മെറ്റല്‍ സൂചിക 3.01 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്‌റ്റി ബാങ്ക് സൂചിക 2.21 ശതമാനവും ഫാര്‍മ സൂചിക 2 ശതമാനവും എനര്‍ജി സൂചിക 1.91 ശതമാനവും ഇടിഞ്ഞു.