മുംബൈ: പുതുവര്‍ഷത്തിലെ ആദ്യദിനം നിഫ്റ്റി ആദ്യമായി 14,000 പോയിന്റില്‍ ക്ലോസ് ചെയ്യുന്നതിന് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 14,018ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 47868ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 117 പോയിന്റിന്റെ ഉയര്‍ച്ച സെന്‍സെക്സിലുണ്ടായി.
ഇന്നലെ 14,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും പുതിയ വര്‍ഷത്തിലെ ആദ്യദിനം ആ ലക്ഷ്യവും വിപണി താണ്ടി. വിപണി ഓരോ ദിവസവും പുതിയ ഉയരത്തിലേക്ക് നീങ്ങുന്നത് നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്.
ഇന്ന് പൊതുമേഖലാ ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 3.25 ശതമാനം ഉയര്‍ന്നു. ഐടി, ഓട്ടോ ഓഹരികളും ഉയര്‍ന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതാണ് കുതിപ്പിന് പിന്നില്‍.
അദാനി പോര്‍ട്സ്, ടിസിഎസ്, ഐടിസി, മഹീന്ദ്ര & മഹീന്ദ്ര, എസ്ബിഐ എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ നിഫ്റ്റി ഓഹരികള്‍. അദാനി പോര്‍ട്സ് നാല് ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും ലാഭം നേടി. 35 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 15 ഓഹരികളുടെ വില ഇടിഞ്ഞു. കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍ ഐസിഐസിഐ ബാങ്കും എസ്ബിഐ ലൈഫുമാണ്. ഡിസംബറില്‍ വിവിധ വാഹന നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വില്‍പ്പന കൈവരിച്ചു. ഇത് ഓട്ടോമൊബൈല്‍ ഓഹരികളുടെ വില ഉയരുന്നതിന് വഴിവെച്ചു.