യുഎഇയില്‍ താമസ രേഖകള്‍ നിയമാനുസൃതമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടിയതിനാല്‍ നീട്ടി നല്‍കിയ സമയപരിധിയാണ് അവസാനിക്കുന്നത്.
12 നു മുന്‍പ് വീസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കുകയാ രാജ്യം വിടുകയോ ചെയ്യണമെന്നാണ് എമിഗ്രേഷന്‍ അറിയിപ്പ്. വൈദ്യ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങള്‍ സജ്ജമാണ്. അനധികൃത താമസത്തിന് തിങ്കളാഴ്ച മുതല്‍ പിഴ ചുമത്തും. പിഴ കൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്.മാര്‍ച്ച് ഒന്നിനു ശേഷം വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാന്‍ ജൂലൈ വരെയാണ് ആദ്യം സമയം നല്‍കിയത്. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 3 മാസം കൂടി നീട്ടി നല്‍കുകയായിരുന്നു.
കോവിഡ് മൂലം വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ വീസ കാലാവധിയില്‍ ഏപ്രിലിലാണ് ഇളവ് അനുവദിച്ചത്.മാര്‍ച്ച് ഒന്നിനു ശേഷം അവസാനിച്ച വീസ കാലാവധി ഈ വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചതായി ആദ്യം പ്രഖ്യാപിച്ചെങ്കിലും കോവിഡ് തീവ്രത കുറഞ്ഞ സാഹചര്യത്തില്‍ ജൂലൈ 10 ന് ഭേദഗതി വരുത്തുകയായിരുന്നു. നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണു പുതിയ നിര്‍ദേശം.
ഗാര്‍ഹിക തൊഴിലാളി, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള വീസ വിതരണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പുതിയ വീസക്കാര്‍ക്ക് രാജ്യത്തേക്ക പവേശനം. സ്‌പോണ്‍സര്‍മാര്‍ ഔദ്യോഗിക കേന്ദ്രങ്ങളുമായി സഹകരിച്ച് ഇവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ സൗകര്യമൊരുക്കണം. കോവിഡ് നെഗറ്റീവ് ഫലവുമായാണ് വരേണ്ടത്.വീസ കാലാവധിയുള്ള എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും പ്രവേശന അനുമതിയുണ്ട്. ica.gov.ae എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

















