പാലക്കാട്: കോങ്ങാട് കാഞ്ഞിരപ്പുഴ പുഞ്ചോല ജി. എൽ. പി. സ്കൂളിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്കൂൾ കെട്ടിടം പൊളിഞ്ഞ് വീണ് കുട്ടികൾക്ക് അപകടം ഉണ്ടാകാതിരിക്കാൻ അധിക്യതർ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പുതിയ കെട്ടിടം നിർമ്മിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയർ തയ്യാറാക്കിയ പദ്ധതി രൂപരേഖ പ്രധാന അധ്യാപകൻ മേലധികാരി കൾക്ക് ഉടൻ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പാമ്പൻതോട് ,അമ്മൻ കടവ്, പാങ്ങോട് പുഞ്ചോല പ്രദേശങ്ങളിലെ ആദിവാസി പെൺകുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഇത്. മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീഴാറുള്ളതായി സ്കൂൾ കുട്ടികൾ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. കോൺക്രീറ്റ് ശരീരത്തിൽ വീഴാതിരിക്കാൻ മേൽക്കൂരയിൽ ടാർപോളിൽ കെട്ടിയിട്ടുണ്ട്. മഴക്കാലമായാൽ ക്ലാസ് മുറികളിൽ വെള്ളം കെട്ടും. മിക്ക ദിവസങ്ങളിലും അപകടം ഭയന്ന് മരച്ചുവട്ടിൽ വച്ചാണ് അധ്യാപകർ ക്ലാസുകൾ എടുക്കാറുള്ളത്.
പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറിൽ നിന്നും കമ്മീഷൻ റപ്പോർട്ട് വാങ്ങി. സ്കൂളിന് പുതിയ കെട്ടിടം ആവശ്യമാണെങ്കിലും അതിനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ആവശ്യം കണക്കിലെടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയർ തയ്യാറാക്കിയ പദ്ധതി രൂപരേഖ അധിക്യതർക്ക് സമർപ്പിക്കാൻ ഹെഡ്മാസ്റ്റർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.