ഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 2021 ജനുവരി 7 വരെ നീട്ടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സിവില്‍ വ്യോമയാന മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. ആരോഗ്യ സേവന വിഭാഗം ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സംയുക്ത അവലോകന സംഘത്തിന്റെയും ഐസിഎംആര്‍ ഡയറക്ടര്‍ ജനറലും നീതിആയോഗ് അംഗവും സംയുക്ത നേതൃത്വം വഹിക്കുന്ന ദേശീയ കര്‍മ്മ സമിതിയുടെയും നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ ശുപാര്‍ശ.
2021 ജനുവരി 7 ന് ശേഷം കര്‍ശനമായ നിയന്ത്രണത്തോടെ ഏതാനും വിമാനങ്ങള്‍ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഇക്കാര്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സിവില്‍ വ്യോമയാന വകുപ്പും ചേര്‍ന്നായിരിക്കും തീരുമാനിക്കുക.
അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതുവത്സരാഘോഷ പരിപാടികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കൊറോണ വ്യാപനം ചെറുക്കുന്നതിന് ആവശ്യമെങ്കില്‍ രാത്രി കാല കര്‍ഫ്യൂ ഉള്‍പ്പെടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനങ്ങള്‍ക്ക് ഉള്ളിലും അന്തര്‍സംസ്ഥാന യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്താന്‍ പാടില്ല. പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി ഡിസംബര്‍ 30,31, 2021 ജനുവരി 1 എന്നീ തീയതികളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.











