ചെന്നൈ: കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തമിഴ് നടന്‍ തവസിക്ക് സഹായവുമായി വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും. ഒരു ലക്ഷം രൂപ വിജയ് സേതുപതി ഇതിനകം തവാസിയുടെ കുടുംബത്തിന് എത്തിച്ചു. നടന്‍ സുന്ദര്‍ രാജ വഴിയാണ് വിജയ് സേതുപതി പണം നല്‍കിയത്. ഇതിനൊപ്പം സുന്ദര്‍ രാജയും പതിനായിരം രൂപ തവാസിയുടെ കുടുംബത്തിന് നല്‍കി.
വിജയ് സേതുപതിക്ക് പുറമെ നടന്‍ ശിവകാര്‍ത്തികേയനും തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. തവസിയുടെ ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാന്‍ ഫാന്‍ ക്ലബ്ബ് അംഗങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നടന്‍ സൂരിയും തവസിയുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.
ശിവകാര്‍ത്തികേയന്‍ നായകനായ ‘വരുത്തപെടാത്ത വാലിബര്‍ സംഘം’എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് തവാസി. ക്യാന്‍സര്‍ നാലാംഘട്ടത്തില്‍ എത്തി നില്‍ക്കേ ചികിത്സ തുടരാന്‍ വഴിയില്ലാതായതോടെയാണ് തവസി വീഡിയോയിലൂടെ അഭ്യര്‍ത്ഥനയുമായി എത്തിയത്. തനിക്കൊരിക്കലും ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് കരുതിയിരുന്നില്ലെന്നും വീഡിയോയില്‍ തവസി പറയുന്നു. മുപ്പത് വര്‍ഷത്തോളം തമിഴ് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുവരുന്ന നടനാണ് തവാസി. രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം അണ്ണാതെയിലും തവാസി അഭിനയിച്ചിട്ടുണ്ട്.



















