കെ.അരവിന്ദ്
നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ഭാവി നിങ്ങളുടെ അഭാവത്തിലും സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടത് സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാണ്. പോളിസി എടുക്കുന്നതുകൊണ്ട് മാത്രം തീരുന്നതല്ല പോളിസി ഉടമയുടെ ഉത്തരവാദിത്തം. മതിയായ കവറേജ് ഉറപ്പു വരുത്തിയിട്ടുണ്ടോയെന്നും അത് മതിയായ കാലയളവിലേക്കാണോയെന്നുമൊക്കെ പരിശോധിക്കേണ്ടതുണ്ട്.
ലൈഫ് ഇന്‍ഷുറന്‍സിനായി എടുക്കേണ്ടത് ടേം പോളിസികളാണ്. നിക്ഷേപം കൂടി ഉള്‍പ്പെടുത്തിയുള്ള പോളിസികള്‍ ഒരു കാരണവശാലും എടുക്കരുത്. എന്നാല്‍ ടേം പോളിസി എടുത്തതു കൊണ്ടു മാത്രമായില്ല. അത് ലക്ഷ്യങ്ങളുമായി മതിയായ രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് കൂടി നോക്കേണ്ടതുണ്ട്. ഒരാള്‍ ജോലി ചെയ്യുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന കാലയളവ് എത്രയാണോ ആ കാലയളവായിരിക്കണം ടേം പോളിസിയുടെയും കാലയളവ്.
സാധാരണ നിലയില്‍ വീട്ടമ്മയായ ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് വിരളമാണ്. വീട്ടമ്മമാര്‍ വരുമാനം ഉണ്ടാക്കുന്നില്ലെന്നതും സാമ്പത്തികമായി അവരെ ആശ്രയിച്ചല്ല മറ്റ് കുടുംബാംഗങ്ങള്‍ ജീവിക്കുന്നതെന്നതുമാണ് കാരണം. എന്നാല്‍ വീട്ടമ്മമാരുടെ ഭവനത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സാമ്പത്തിക മൂല്യമുണ്ടെന്നത് അവഗണിക്കാനാകില്ല. അതുകൊണ്ടുതന്നെ അവരുടെ അഭാവത്തില്‍ വീട് കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പരിപാലിക്കുന്നതിനുമുള്ള ചെലവ് കണക്കിലെടുക്കേണ്ടതുണ്ട്. അതിനാല്‍ ഭാര്യയുടെ പേരില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് സാമ്പത്തിക ആസൂത്രണത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.
ജോലി ചെയ്യുന്ന ദമ്പതികളുടെ കാര്യത്തിലും ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യമാണോയെന്ന സംശയം ഉയരാവുന്നതാണ്. ജോലി ചെയ്യുന്ന ഭാര്യയും ഭര്‍ത്താവും സാമ്പത്തികമായി പരസ്‌പരം ആശ്രയിച്ചല്ല ജീവിക്കുന്നതെന്നതാണ് കാരണം. എന്നാല്‍ ജീവിത പങ്കാളികളില്‍ ഒരാള്‍ മരണമടയുകയാണെങ്കില്‍ വരുമാനം കുറയുന്നതുമൂലം മറ്റേയാള്‍ക്ക് ജീവിത നിലവാരം നിലനിര്‍ത്തുക ദുഷ്‌കരമാകും. ഭവന വായ്‌പ പോലുള്ള വായ്‌പകള്‍ ഇരുവരും സംയുക്തമായി എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവ് ബാധ്യതയായി മാറും. അതിനാല്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന വരായാലും ഇരുവര്‍ക്കും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണ്. വായ്‌പകളുടെ തിരിച്ചടവ് തുക കൂടി പരിഗണിച്ചാകണം ഇന്‍ഷുറന്‍സ് തുക എത്രയെന്ന് തീരുമാനിക്കേണ്ടത്.
നോമിനിയുടെ പേര് ശരിയായ രീതിയില്‍ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നോമിനേഷനില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അത് കൃത്യസമയത്ത് തിരുത്താന്‍ ശ്രദ്ധിക്കണം. അവിവാഹിതര്‍ മാതാപിതാക്കളെയാണ് നോമിനികളായി നിയോഗിക്കാറുള്ളത്. വിവാഹത്തിനു ശേഷം അത് ജീവിത പങ്കാളിയുടെ പേരിലേക്ക് മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്.
ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ആവശ്യമായ സമയത്ത് ഉയര്‍ത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അവിവാഹിതനായ ഒരാള്‍ക്ക് ആവശ്യമായ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ആയിരിക്കില്ല അയാള്‍ വിവാഹിതനായതിനു ശേഷം വേണ്ടത്. കുട്ടികള്‍ ഉണ്ടാകുകയും ഭവന വായ്‌പ എടുക്കുകയും ചെയ്യുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് കവറേജിന്റെ ആവശ്യകത ഉയരും. ഇതിന് അനുസരിച്ച് പുതിയ പോളിസി എടുക്കുകയും പരിരക്ഷ ഉയര്‍ത്തുകയും ചെയ്യേണ്ടതുണ്ട്.