മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുക. ദീപാവലിക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.
ആരാധനാലയങ്ങള്‍ തുറന്നാലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുമാത്രമെ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുതിര്‍ന്നവര്‍ കൂടുതലായി എത്തുന്ന സ്ഥാലമാണ്. അതിനാല്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം ക്ഷേത്രങ്ങള്‍ അടച്ചു പൂട്ടിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്‌സിംഗ് കോഷ്യാരി രംഗത്തെത്തിയിരുന്നു. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ്, ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്ന് എന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ നീട്ടിവച്ചത്.











