തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി നൈപുണ്യ പഠന-പരിശീലന രംഗം പരിഷ്‌ക്കരിക്കുമെന്ന് തൊഴില്‍- നൈപുണ്യ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിയമസഭാ ചേംബറില്‍ നടത്തിയ ചടങ്ങില്‍ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ തോട്ടം മേഖലയിലെ തൊഴിലാളികളുടെ കുട്ടികള്‍ക്കായി ആരംഭിച്ച ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സലിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കിലെയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചത്. തോട്ടം മേഖലയുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കും തൊഴിലാളികളുടെ സംരക്ഷണത്തിനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളിലെ പ്രധാന ചുവടുവെയ്പ്പാണ് ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിംഗും കരിയര്‍ ഗൈഡന്‍സുമെന്നും മന്ത്രി പറഞ്ഞു.
തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് മികച്ച അവസരങ്ങള്‍ നേടിക്കൊടുക്കുന്നതിനാവശ്യമായ മാര്‍ഗനിദ്ദേശവും പരിശീലനവും നല്‍കും. ഓരോ കുട്ടിയുടെയും അഭിരുചി മനസ്സിലാക്കി പ്രോത്സാഹനം നല്‍കുകയും അറിവ് വര്‍ധിപ്പിക്കുകയും ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതുവഴി മികച്ച മേഖലകള്‍ കണ്ടെത്താനും ജീവിതവിജയം കൈവരിക്കാനും കുട്ടികള്‍ക്ക് കഴിയും. എല്ലാ കുട്ടികള്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിഞ്ഞിട്ടുണ്ട്. കിലെയുടെ കരിയര്‍ ഗൈഡന്‍സും കൗണ്‍സിലിംഗും താല്‍പര്യമുള്ള മേഖലകളില്‍ തുടര്‍പഠനം നടത്താനും തൊഴില്‍ നേടാനും വിദ്യാര്‍ഥികളെ സഹായിക്കും. ആദ്യഘട്ടത്തില്‍ ഗ്രൂപ്പ് കൗണ്‍സിലിംഗാണ് നടത്തുന്നത്. തുടര്‍ന്ന് വ്യക്തിഗത കൗണ്‍സിലിംഗും നടത്തും. മാതാപിതാക്കളെയും കൗണ്‍സിലിംഗില്‍ ഉള്‍പ്പെടുത്തും.തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും സിവില്‍ സര്‍വീസ് പരിശീലനം നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി രൂപം നല്‍കിയ കിലെ സിവില്‍ സര്‍വീസ് അക്കാദമി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.