ചെന്നൈ: അതി തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്തമഴ. കടലൂരില്‍ വീട് തകര്‍ന്ന് മൂന്ന് പേരും ചെന്നൈയിലെ തണ്ടയാര്‍പ്പേട്ടില്‍ ഷോക്കേറ്റ് ഒരാളും മരിച്ചു. കടലൂരില്‍ 35,000ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചിദംബരം നടരാജ ക്ഷേത്രത്തില്‍ വെള്ളം കയറി.
ബുറെവി ചുഴലിക്കാറ്റ് ഇന്ന് അര്‍ധരാത്രിയോടു കൂടി രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്ക് പ്രവേശിക്കും. കരയിലേക്ക് പ്രവേശിക്കുമ്ബോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.