ചെന്നൈ: തമിഴ്‌നാട്ടില്‍ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി കത്തയച്ചു.
മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്ന ആവശ്യം ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ത്തെ നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നാണ് ആവശ്യം.
അതേസമയം ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ ആറ് മുതലാണ് പരീക്ഷകള്‍. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്.
എന്നാല്‍ ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.



















