ലക്‌നൗ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട താജ് മഹലും ആഗ്ര കോട്ടയും ആറ് മാസത്തെ ഇടവേളയ്ക്കു ശേഷം തുറക്കാന്‍ തീരുമാനമായി. ഈ മാസം 21 മുതലാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിദിനം 5000 പേരെയാണ് രണ്ടിടങ്ങളിലും അനുവദിക്കുക.
കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. പകരം സന്ദര്‍ശകര്‍ക്ക് ഇലക്ട്രോണിക് ടിക്കറ്റുകള്‍ നല്‍കും. കേന്ദ്രവും യുപി സര്‍ക്കാരും പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ആഗ്ര കോട്ടയിലേക്കും താജ് മഹലിലേക്കും സന്ദര്‍ശകരെ പ്രവേശിപ്പിക്കുകയെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിംഗ് വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതലാണ് സ്മാരകങ്ങള്‍ അടച്ചിട്ടിരുന്നത്. സ്മാരകങ്ങള്‍ വീണ്ടും തുറക്കുന്നത് ധാരാളം ആഭ്യന്തര സഞ്ചാരികളെ ആഗ്രയിലേക്ക് കൊണ്ടുവരുമെന്നാണ് ടൂറിസം മേഖലയുടെ പ്രതീക്ഷ.