കൊച്ചി: കേരളത്തിൽ സാമ്പത്തിക സംവരണം അട്ടിമറിക്കുന്നതിനുള്ള സംഘടിതമായ ശ്രമങ്ങൾ നടക്കുന്നതായി സീറോമലബാർ സഭ. രാജ്യത്ത് നിലവിൽ വന്ന 10 ശതമാനം സാമ്പത്തിക സംവരണം (ഇ.ഡബ്‌ളിയു.എസ് റിസർവേഷൻ) പി.എസ്.സി നിയമനങ്ങളിൽ ബാധകമാക്കി സംസ്ഥാന സർക്കാർ അടിയന്തരമായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ സർവീസിൽ 10 ശതമാനം സംവരണം അനുവദിച്ച ഉത്തരവ് കഴിഞ്ഞ ജനുവരി മൂന്നിന് സർക്കാർ പുറപ്പെടുവിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസിൽ ഭേദഗതികൾ വരുത്തിയിട്ടില്ല. നടപടികൾ പൂർത്തിയാക്കുന്നതിൽ ഗുരുതരമായ കാലതാമസമുണ്ടായി. ഇതുമൂലം അർഹരായ അനേകായിരങ്ങൾക്ക് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുകയാണ്. 2019 ൽ തന്നെ കേന്ദ്ര സർവീസിലും മറ്റു സംസ്ഥാനങ്ങളിലും 10 ശതമാനം സാമ്പത്തിക സംവരണം യാഥാർത്ഥ്യമായിരുന്നു. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.