കെ.പി. സേതുനാഥ്
സാര്‍വദേശീയ വേദികളില്‍ മാത്രമല്ല നാട്ടുകൂട്ട ചര്‍ച്ചകളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന പ്രയോഗമാണ് സുസ്ഥിര വികസനം. വികസന ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായി സുസ്ഥിരന്‍ പ്രവേശനം ചെയ്തിട്ട് വര്‍ഷം അഞ്ചു തികയുന്നു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തുല്യം ചാര്‍ത്തുന്നത് 2015-ലാണ്. ദാരിദ്യം ഇല്ലാതാക്കുന്നതു മുതല്‍ അന്തസ്സുറ്റ ജീവിതം നയിക്കാനുള്ള മനുഷ്യരുടെ അവകാശം സ്ഥാപിക്കുന്നതു വരെയുള്ള 17- സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള കാലപരിധി 2030 ആയും നിശ്ചയിച്ചു. ഇനി 10-വര്‍ഷം കൂടി ബാക്കി. പുതിയ നൂറ്റാണ്ടിന്റെ പിറവിക്കു മുമ്പ് രൂപം കൊടുത്ത സഹസ്രാബ്ദ വികസന ലക്ഷ്യം (മില്ലേനിയം ഡെവലപ്‌മെന്റ് ഗോള്‍സ്) ഒരു വഴിക്കുമെത്താതെ പോയതിന്റെ ബാക്കിയാണ് സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) ആയി രൂപാന്തരപ്രാപ്തി നേടിയത്. കാലപരിധി നിശ്ചയിച്ച് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സുസ്ഥിര വികസനം 2030-ല്‍ കൈവരിക്കുന്നതിനുള്ള സാധ്യത വിരളമാണെന്ന തോന്നല്‍ അസ്ഥാനത്തല്ല. എന്നു മാത്രമല്ല ഈ ലക്ഷ്യങ്ങള്‍ ഒട്ടുംതന്നെ സുസ്ഥിരമല്ല എന്നാണ് നരവംശ ശാസ്ത്രജ്ഞനായ ജാസണ്‍ ഹിക്കലിന്റെ നിരീക്ഷണം. സുസ്ഥിര വികസന ലക്ഷ്യം ഇതുവരെ കൈവരിച്ചതിന്റെ വിശദാശംങ്ങള്‍ അടങ്ങിയ 2020-ലെ റിപോര്‍ടിന്റെ ഒരു വിലയിരുത്തിലിലാണ് ഹിക്കല്‍ തന്റെ നിഗമനം മുന്നോട്ടു വയ്ക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതില്‍ ഒരോ രാജ്യങ്ങളും നേടിയ പുരോഗതി നിര്‍ണ്ണയിക്കുന്നതിനായി സാമ്പത്തിക ശാസ്ത്രജ്ഞനായ ജെഫ്രി സാക്‌സ് രൂപകല്‍പന ചെയ്ത അളവുകോലനുസരിച്ച് തയ്യാറാക്കിയ എസ്ഡിജി സൂചികയെ അടിസ്ഥാനമാക്കിയാണ് ഹിക്കല്‍ തന്റെ വീക്ഷണം അവതരിപ്പിക്കുന്നത്.

സ്വീഡന്‍, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് സൂചികയില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങള്‍. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന മറ്റു പാശ്ചാത്യ രാജ്യങ്ങളാണ് എസ്ഡിജി സൂചികയില്‍ മുന്നിട്ടു നില്‍ക്കുന്ന മറ്റുള്ളവരും. സുസ്ഥിര വികസനം എന്ന സങ്കല്‍പ്പനത്തിന്റെ നിഷേധമാണ് സമ്പന്നരാജ്യങ്ങള്‍ സൂചികയുടെ മുമ്പന്തിയില്‍ എത്തുന്നതോടെ സംഭവിക്കുന്നത് എന്നാണ് ഹിക്കലിന്റെ പ്രധാന വിമര്‍ശനം. സാക്‌സിന്റെ അളവുകോലനുസരിച്ച് 84.7 പോയിന്റുമായി സൂചികയില്‍ ഒന്നാമതായി നില്‍ക്കുന്ന സ്വീഡനെ ഉദാഹരണമായി എടുക്കാം. കേരളത്തിന്റെ മൂന്നിലൊന്നു മാത്രം ജനസംഖ്യയുള്ള (1.23 കോടിയാണ് സ്വീഡനിലെ ജനസംഖ്യ) പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിന്റെ അളവില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് നിലനില്‍ക്കുന്ന രാജ്യമാണ്. ആഗോളതലത്തില്‍ ഒരു വ്യക്തിയുടെ ശരാശരി വിഭവ ഉപഭോഗം 12 മെട്രിക് ടണ്‍ ആണെങ്കില്‍ സ്വീഡനില്‍ അത് 32 മെട്രിക് ടണ്‍ ആണ്. സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ഒരു വ്യക്തിയുടെ വിഭവ ഉപഭോഗം ശരാശരി 7 മെട്രിക് ടണ്‍ ആയി കുറയണമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. അതായത് സുസ്ഥിര വികസനത്തിന് അനിവാര്യമായ വിഭവ ഉപഭോഗത്തിന്റെ അളവിന്റെ ഏതാണ്ട് അഞ്ചിരട്ടിയില്‍ അധികമാണ് സ്വീഡനിലെ ഇപ്പോഴത്തെ വിഭവ ഉപഭോഗം. ഇത്രയും ഉയര്‍ന്ന നിലയിലുളള വിഭവ ഉപഭോഗം തുടരുന്ന പക്ഷം ഒരു തരത്തിലുമുള്ള സുസ്ഥിരവികസനം സാധ്യമല്ല. ഈയൊരു വസ്തുതയെ ഉല്‍ക്കൊള്ളുന്നതല്ല സാക്‌സ് രൂപകല്‍പന ചെയ്ത അളവുകോലും അതിനെ ആസ്പദമാക്കിയുള്ള സൂചകവും എന്നു ഹിക്കല്‍ ചൂണ്ടിക്കാട്ടുന്നു.
സൂചികയില്‍ മൂന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡ് മറ്റൊരു ഉദാഹരണമായി എടുക്കാം. കാര്‍ബണ്‍ കാലടയാള സൂചിക കണക്കാക്കുകയാണെങ്കില്‍ മലിനീകരണത്തോത് ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്. ഫിന്‍ലാന്‍ഡിലെ ഒരു വ്യക്തിയുടെ ശരാശരി കാര്‍ബണ്‍ കാലടയാളം വര്‍ഷം 13 ടണ്‍ ആണ്. ഈ അനുപാതം കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവുമധികം മലിനമായ രാജ്യങ്ങളില്‍ ഒന്നായി ഫിന്‍ലാന്‍ഡിനെ കാണാവുന്നതാണ്. ചൈനയുടെ കാര്‍ബണ്‍ കാലടയാളം 7 ടണ്ണും, ഇന്ത്യയുടേത് 2-ടണ്ണില്‍ താഴെയുമാണെന്ന വിവരം പരിഗിക്കുമ്പോഴാണ് എസ്ഡജി സൂചികയിലെ ഫിന്‍ലാന്‍ഡിന്റെ ഉയര്‍ന്ന സ്ഥാനത്തിന്റെ പൊരുത്തമില്ലായ്മ കൂടുതല്‍ വ്യക്തമാവുക. എസ്ഡിജി സൂചികയില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളുടെ വിഭവ-ഊര്‍ജ്ജ ഉപഭോഗത്തിന്റെ തലത്തില്‍ ലോകത്തിലെ മറ്റു രാജ്യങ്ങളും എത്തുന്നപക്ഷം ഭൂമയിലെ വിഭവസ്രോതസ്സുകള്‍ ഒന്നും മതിയാവാതെ വരുമെന്ന് ഹിക്കല്‍ ചുണ്ടിക്കാണിക്കുന്നു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമ്പത്തികമായും അല്ലാതെയുമുള്ള അസന്തുലിതാവസ്ഥകളെ കണക്കിലെടുക്കാതെ രൂപകല്‍പന ചെയ്ത എസ്ഡിജി സൂചകം ഉപയോഗിക്കുന്നത് ഗുണത്തെക്കാള്‍ ദോഷമാകുമെന്ന പക്ഷക്കാരനാണ് ഹിക്കല്‍. സുസ്ഥിരത യഥാര്‍ത്ഥത്തില്‍ കൈവരിക്കണമെങ്കില്‍ കൂടുതല്‍ ഫലപ്രദമായ മറ്റു മാര്‍ഗങ്ങള്‍ തേടണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
2020 ജൂലൈയില്‍ പുറത്തിറക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ആര്‍ഷഭാരതത്തിന്റെ സ്ഥാനം 61.9 പോയിന്റുകളുമായി 117 ആണ്. മൊത്തം 166 രാജ്യങ്ങള്‍ ഇടംപിടിച്ച ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ബംഗ്ലദേശിനെക്കാള്‍ പിന്നിലാണ്. 63.5 പോയിന്റുള്ള ബംഗ്ലദേശിന്റെ സ്ഥാനം 109-ആണ്. സൂചികയുടെ ഘടനാപരമായ അസന്തുലിതകള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സ്ഥാനം ഇത്രയും പുറകിലാണെന്ന വസ്തുത ഒട്ടും ആശാവഹമല്ല.
.




















