എറണാകുളം: കോവിഡ് രോഗി ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ട നഴ്‌സിങ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് ഓഫീസര്‍ ജലജ കുമാരിയെയാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് നടപടി എടുത്തതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എത്രവും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജീവനക്കാരുടെ അശ്രദ്ധ കാരണം കോവിഡ് രോഗി മരിച്ചുവെന്നായിരുന്നു നഴ്‌സിങ് ഓഫീസറുടെ ശബ്ദ സന്ദേശം. നഴ്‌സുമാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലാണ് ഓക്‌സിജന്‍ ലഭിക്കാതെ രോഗി മരിച്ചുവെന്ന് നഴ്‌സിങ് ഓഫീസര്‍ ശബ്ദ സന്ദേശം അയച്ചത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.











