ഡല്‍ഹി: സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുളള 19 കോണ്‍ഗ്രസ്സ് വിമത എംഎല്‍എമാരെ ജൂലൈ 24 വരെ അയോഗ്യരാക്കരുതെന്ന ഹൈക്കോടതി വിധിയില്‍ സ്‌റ്റേയില്ലെന്ന് സുപ്രീംകോടതി. വരുന്ന തിങ്കളാഴ്ചവരെ അയോഗ്യരാക്കാന്‍ പാടില്ലെന്ന് സിപ്രീംകോടതി പറഞ്ഞു.
തിങ്കളാഴ്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. സച്ചിനുള്‍പ്പടെയുളള 19 എംഎല്‍എമാരുടെ അയോഗ്യതാ തീരുമാനം നീട്ടിവെയ്ക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ സ്പീക്കറാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം നിഷ്പക്ഷനായിരിക്കേണ്ട സ്പീക്കര്‍ കോടതിയെ സമീപിച്ചതിനെയും സുപ്രീംകോടതി ചോദ്യം ചെയ്തു.
വിമതരുടെ ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയുന്നതിനാലാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. സ്പീക്കറുടെ നടപടിക്രമങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. സ്പീക്കര്‍ക്ക് വേണ്ടി കബില്‍ സിബലാണ് കോടതിയില്‍ ഹാജരായത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നാളെ വിധി പ്രസ്താവിക്കുന്നതില്‍ ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.











