ന്യൂഡല്‍ഹി: രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് സമയത്തിന് ശമ്പളം ഉറപ്പാന്‍ നടപടി സ്വീകരിക്കണമെന്ന് സപ്രീംകോടതി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം ഉറപ്പാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കണമെന്നും സംസ്ഥാനങ്ങള്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം വേണ്ട നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് സമയത്തിന് ശമ്പളം കൊടുക്കുന്നില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ശമ്പളം കൊടുക്കാതിരിക്കാന്‍ നിര്‍ബന്ധിതമായി ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കാലാവധി അവധിയായി കണക്കാക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ആരുഷി ജെയിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റഡ്ഡി, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ച് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.











