ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിനു മുന്നില്‍ അമ്മയും മകളും തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരെയും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പൊള്ളലേറ്റ ഇവരുടെ നില മോശമായി തുടരുകയാണ്.
വെള്ളിയാഴ്ച്ച വൈകിട്ടാണ് അമേഠിയില്‍ നിന്നെത്തിയ അമ്മയും മകളും മുഖ്യമന്ത്രിയുടെ ഓഫീസായ ലോക്ഭവന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. അമേഠിയിലെ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം.
അതേസമയം ലോക്ഭവന് മുന്നിലെത്തിയ ഇരുവരും കേസുമായി ബന്ധപ്പെട്ട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെയും സമീപിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.