ഹസീന ഇബ്രാഹിം
”ഈ നീര്‍മാതളത്തിനു ചുവട്ടില്‍ ഇരിക്കുമ്പോള്‍ എനിക്ക് പല ഓര്‍മകളും ഉണ്ടാകും. കാടിനുവേണ്ടിയും പച്ചപ്പിനുവേണ്ടിയും പോരാടിയതിന്റെ ഓര്‍മകളാണവ. എനിക്കിപ്പോള്‍ പ്രവര്‍ത്തിക്കാനും സംസാരിക്കാനും എഴുതാനും കഴിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ പ്രകൃതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന ആഗ്രഹമാണുള്ളത്.” ജനുവരി 22ന് എണ്‍പത്തിയാറാം പിറന്നാള്‍ ആഘോഷിച്ചു കൊണ്ട് സുഗതകുമാരി ടീച്ചര്‍ പറഞ്ഞു. ഹൃദയത്തില്‍ പടര്‍ന്നു പന്തലിച്ച പച്ചപ്പില്‍ അനേകായിരം ജീവിതങ്ങള്‍ക്ക് തണലേകിയ ആ മരം ഒരു വര്‍ഷത്തിനിപ്പുറം തണല്‍ ബാക്കിയാക്കി യാത്ര പറഞ്ഞു.
മലയാളത്തിന്റെ ഹൃദയത്തില്‍ പടര്‍ന്ന പച്ചപ്പ്…
ഏഴു പതിറ്റാണ്ടു നീണ്ട കാവ്യ സപര്യയില്‍ കണ്ണുനീരിന്റെ ഉപ്പും സ്‌നേഹത്തിന്റെ മാധുര്യവും പകര്‍ന്ന കവിതക്ക് പേര് സുഗതകുമാരി ടീച്ചര്‍. പിന്നീടത് കേരളത്തിന്റെ സുകൃതമായി. ഹൃദയത്തില്‍ പടര്‍ന്നു പന്തലിച്ച പച്ചപ്പില്‍ അനേകായിരം ജീവിതങ്ങള്‍ക്ക് തണലേകി. പ്രകൃതിക്കും അടുത്ത തലമുറയ്ക്കു വേണ്ടി, സമരങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. സ്നേഹത്തെയും മാനവികതയെയും സമന്വയിപ്പിച്ചു സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിറഞ്ഞു നിന്ന അഭിമാനിനിയായി. ഉപേക്ഷിക്കപ്പെട്ട വനിതകള്‍ക്കും കുട്ടികള്‍ക്കും അത്താണിയായി. നിരാലംബര്‍ക്ക് ആശ്രയമായി. ശബ്ദമില്ലാത്തവരുടെ ശബ്ദമായി സൈലന്റ്വാലി, അട്ടപ്പാടി, ആറന്മുള എന്നിവിടങ്ങളില്‍ മുന്‍ നിര പോരാളിയായി.
തന്റെ ഓര്‍മയ്ക്ക് ജീവിത സായാഹ്നത്തില്‍ ടീച്ചര്‍ ഒന്ന് മാത്രമേ കൊതിച്ചുള്ളൂ. ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍വരും. തത്തകളൊക്കെവന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടു വെക്കരുത്. ആ ആല്‍മരം എവിടെ നടണമെന്നും ടീച്ചര്‍ ഒസ്യത്തില്‍ എഴുതിവെച്ചു. തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബര്‍ക്കായി അവര്‍ പടുത്തുര്‍ത്തിയ ‘അഭയ’ യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്.
നന്ദി… നന്ദി മാത്രം…
ഓരോ പിറന്നാളിനും ആശംസകളുമായി എത്തിയ നേതാക്കളോടെല്ലാം സുഗതകുമാരി പങ്കുവെച്ചത് പരിസ്ഥിതി നാശത്തിന്റെ തീവ്രതയെ കുറിച്ചായിരുന്നു. കാടും മേടും വെട്ടിനശിപ്പിക്കുന്നവരെയും കയ്യേറ്റക്കാരെയും നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമെന്ന ഉപദേശവും നല്‍കി. കൊടിയ സഹനത്തില്‍ നിന്ന് ആനകളെ രക്ഷിക്കണമെന്നും മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി കേരളത്തിലങ്ങോളമിങ്ങോളം അഭയകേന്ദ്രങ്ങള്‍ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു .
പുകമറയില്‍ മുന്നോട്ടു പോകുന്ന കാലത്തെ നേരിടാന്‍ അക്ഷരങ്ങളും നീതിബോധവും ആയുധമാക്കിയ സുഗതകുമാരി ഇതുവരെ താന്‍ ചെയ്തതൊന്നും പോരായെന്ന് വിശ്വസിച്ചു. 1961ല്‍ പുറത്തിറങ്ങിയ ആദ്യ കവിത മുത്തുച്ചിപ്പി മുതല്‍ ഇന്നും തുടരുന്ന പ്രതിഷേധത്തിന്റെ കനലെരികള്‍ മാത്രം മതി അവരുടെ ആവശ്യങ്ങളൊക്കെയും കേരളത്തിന്റെ ആത്മാവില്‍ മുഴങ്ങി കേള്‍ക്കാന്‍…