കവയത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍. പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവയ്ത്രിയാണ് സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിതാവ് ബോധേശ്വരന്റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്റെ യശസ്സുയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും കെ സുരേന്ദ്രനും അനുശോചനം രേഖപ്പെടുത്തി.
നിരാധാരരായ സ്ത്രീകളുടെ ആശ്വാസം: മുഖ്യമന്ത്രി
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നത് കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു.
സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു.
പിതാവ് ബോധേശ്വരന്റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്റെ യശസ്സുയര്‍ത്തി. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്ത ജീവജാലങ്ങളെക്കുറിച്ചും ഉള്ള കരുതല്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചുനിന്നു. മലയാളഭാഷയ്ക്കു മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വരെയുള്ള സമരമുഖങ്ങളില്‍ അവരുണ്ടായിരുന്നു. നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു.
വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരാധാരരായ സ്ത്രീകള്‍ക്ക് ആശ്വാസമേകി.’മണലെഴുത്ത്’ എന്ന കാവ്യകൃതിയിലൂടെ സരസ്വതി സമ്മാനം മലയാളത്തിനു നേടിത്തന്ന സുഗതകുമാരി, മലയാളക്കരയുടെ അമ്മമനസ്സ് കവിതയിലും കര്‍മ്മത്തിലും പ്രതിഫലിപ്പിച്ചു. മലയാളഭാഷയ്ക്കു ക്ലാസിക്കല്‍ പദവി ലഭിക്കാനും മലയാളഭാഷയ്ക്ക് എല്ലാ രംഗത്തും അര്‍ഹമായ സ്ഥാനമുറപ്പിച്ചെടുക്കാനും വിശ്രമരഹിതമായി അവര്‍ ഇടപെട്ടുകൊണ്ടിരുന്നു. മുത്തുച്ചിപ്പി, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാധയെത്തേടി തുടങ്ങിയ കവ്യകൃതികളിലൂടെ മലയാള കാവ്യാസ്വാദകരുടെ മനസ്സില്‍ മായ്ക്കാനാവാത്ത ഇടം സമ്പാദിച്ച കവിയാണ് സുഗതകുമാരി.
ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയൊക്കെ പശ്ചാത്തലത്തില്‍ വേണം സുഗതകുമാരിയുടെ വ്യക്തിത്വത്തെ മനസ്സിലാക്കേണ്ടത്.
കവിതയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്‌കാരിക രംഗത്തിനും പൊതു സാമൂഹ്യരംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗംമൂലമുണ്ടായിട്ടുള്ളത്. ഈ ദുഃഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.
എഴുത്തിലും ജീവിതത്തിലും ഗാന്ധിയന്‍ വിശുദ്ധി കാത്തു സൂക്ഷിച്ച സര്‍ഗ്ഗ പ്രതിഭ: ചെന്നിത്തല
കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ പിതാവായ ബോധേശ്വരനെപ്പോലെതന്നെ എഴുത്തിലും, കര്‍മത്തിലും, ജീവിതത്തിലും ഗാന്ധിയന്‍ വിശുദ്ധി കാത്തു സൂക്ഷിച്ച സര്‍ഗ്ഗ പ്രതിഭയായിരുന്നു സുഗതകുമാരിയെന്ന് രമേശ് ചെന്നിത്തല സ്മരിച്ചു.
എംഎല്‍എ ആയ കാലം മുതല്‍ സുഗതകുമാരിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. എത്രയോ തവണ നന്ദാവനത്തെ അവരുടെ വീട്ടിലെത്തി ആ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ മലയാള ഭാഷയില്‍ ഉണ്ടായ അതുല്യ പ്രതിഭകളും സര്‍ഗ്ഗധനരുമായ കവികളുടെ കൂട്ടത്തിലാണ് സുഗതകുമാരിയുടെ സ്ഥാനം. തന്റെ കവിതകളിലൂടെ ഒരു പുതിയ പാരിസ്ഥിതികാവബോധം അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു.
സ്ത്രീകള്‍, കുട്ടികള്‍, ആലംബ ഹീനരായ ജനവിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനുവേ ണ്ടിയാണ് തന്റെ കവിതയുടെ ശക്തി അവര്‍ എക്കാലവും ഉപയോഗിച്ചത്.
സാഹിത്യലോകത്ത് അവരെ തേടി എത്താത്ത ബഹുമതികള്‍ ഇല്ലെങ്കിലും അതിനെല്ലാം മേലെ മാനവികതയുടെ ശബ്ദമാണ് തന്‍രെ കവിതയുടെ കാതല്‍ എന്ന് അവര്‍ എന്നും വിശ്വസിച്ചിരുന്നു. സുഗതകുമാരിയുടെ നിര്യാണം മലയാളസാഹിത്യ ലോകത്തിലെ ഒരു യുഗാസ്തമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പകരക്കാരില്ലാത്ത ആശാകേന്ദ്രം: കെ സുരേന്ദ്രന്‍
ജനിച്ച മണ്ണിനോടും ഇവിടത്തെ മനുഷ്യരോടും മാതൃഭാഷയോടും സുഗതകുമാരി ടീച്ചര്‍ക്കുള്ള പ്രതിബദ്ധതയാണ് മറ്റു സാഹിത്യകാരില്‍ നിന്നും അവരെ വ്യത്യസ്തമാക്കുന്നത്. മധുരമായ കവിതകള്‍ എഴുതുമ്പോഴും പ്രകൃതിക്കെതിരായ ഒരു നീക്കം വന്നാല്‍ അവര്‍ സമരമുഖത്തിറങ്ങും. സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അഭയഹസ്തമേകും. പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സുഗതകുമാരി ടീച്ചര്‍. ടീച്ചറുടെ വിയോഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഒരു കവിയത്രിക്ക് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും എങ്ങനെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമാകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവര്‍. തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും ആരുമായും ശത്രുത ഉണ്ടാകാതിരിക്കാനും എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനും സാധിച്ചത് അവരിലെ അമ്മ മനസിന്റെ നന്മയാണ്. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ അവര്‍ പോരാടി. മുത്തുച്ചിപ്പി, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാധയെത്തേടി, ഗജേന്ദ്രമോക്ഷം, കാളിയ മര്‍ദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കള്‍, നന്ദി, ഒരു സ്വപ്നം, പവിഴമല്ലി, പെണ്‍കുഞ്ഞ്, രാത്രി മഴ തുടങ്ങിയ കവ്യകൃതികളിലൂടെ സഹൃദയരുടെ മനസ് കവരാന്‍ സുഗതകുമാരിക്കായി. ആറന്മുള സമരകാലത്ത് അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എക്കാലത്തേയും മറക്കാനാവാത്ത ഓര്‍മ്മയാണ്. ശബരിമല പ്രക്ഷോഭകാലത്ത് വലിയ പിന്തുണയാണ് ടീച്ചര്‍ തന്നത്. ഈ കൊല്ലം ആദ്യം അമ്പലമണിയുടെ ഒരു കോപ്പി അവരുടെ കയ്യൊപ്പോടുകൂടി പ്രിയസുഹൃത്ത് ഹരി ആറന്മുളയുടെയടുത്ത് എനിക്കു തരാനായി കൊടുത്തുവിട്ടതും കാണാന്‍ ആഗ്രഹം അറിയിച്ചതും ഓര്‍ക്കുകയാണ്. . കോവിഡ് കാരണം അതു നടന്നില്ലെന്നത് വലിയ ദുഖമായി അവശേഷിക്കുന്നു. കോവിഡിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ടീച്ചര്‍ക്കുമായില്ല. കണ്ണീര്‍ പ്രണാമങ്ങള്‍…..
https://www.facebook.com/shafiparambilmla/posts/3693183207385285
https://www.facebook.com/kkshailaja/posts/3638586789562609
https://www.facebook.com/GVenugopalOnline/posts/4264146056945445