സുധീര്‍നാഥ്
മലയാള സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ് തൃക്കാക്കര. നൂറ് കണക്കിന് സിനിമകളാണ് തൃക്കാക്കരയില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. 1979ല്‍ മാമാങ്കം മുതല്‍ അത് തുടര്‍ പ്രക്രിയയായി. 1985 മുതല്‍ തൃക്കാക്കര ചലചിത്ര പ്രവര്‍ത്തകരുടെ മുഖ്യ കേന്ദ്രമായി. തൃക്കാക്കരയില്‍ തല ഉയര്‍ത്തി നിന്ന പ്രശസ്തമായ നാല് സിനിമാ ടാക്കീസുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഇടപ്പള്ളിയിലെ കൈരളി, ഇടപ്പള്ളി ടോളിലെ ശോഭ, സൗത്ത് കളമശ്ശേരിയിലെ താരം, നോര്‍ത്ത് കളമശ്ശേരിയിലെ പ്രീതി. ഇത് കൂടാതെ കങ്ങരപടിയില്‍ സോണിയും, കാക്കനാട് രാജധാനിയും, എല്ലൂരിലെ പാതാളത്ത് ഗീതയും, കലൂരില്‍ അശോകയും ഉണ്ടായിരുന്നു. സിനിമ എന്ന കലയുടെ ഒട്ടേറെ ആസ്വാദകര്‍ക്ക് ആശ്രയമായ ഈ തീയറ്ററുകളില്‍ പ്രീതി മാത്രം ശേഷിക്കുന്നു. 2020 മാര്‍ച്ച് പത്ത് വരെ അവിടെ സിനിമാ പ്രദര്‍ശനം ഉണ്ടായിരുന്നു.
സിനിമാ വിവരങ്ങള്‍ സ്ഥിരമായുള്ള പരസ്യ ബോര്‍ഡുകളിലാണ് പ്രദര്‍ശിപ്പിക്കുക. ഓരോ തീയറ്ററിന്റേയും സാമ്പത്തിക സ്ഥിതി അനുസരിച്ചാണെന്ന് തോന്നുന്നു ബോര്‍ഡുകളുടെ എണ്ണം എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. എറണാകുളത്തെ മേനകയിലും, പത്മ, ഷേണായിസിലും, സീനയിലും, ലക്ഷമണ്‍, കവിത, ലുലു മൈമൂണ്‍(രണ്ട് തീയറ്ററാണ്), സരിത സവിത സംഗീത (മൂന്ന് തീയറ്ററാണ്) ഏത് സിനിമ എന്നറിയാന്‍ പത്ര താളുകള്‍ നോക്കണം. ശ്രീധറിലും, ദീപയിലും ഇംഗ്ലീഷ് സിനിമകളായിരുന്നു മുഖ്യമായും പ്രദര്‍ശിപ്പിച്ചിരുന്നത്. വമ്പന്‍ സിനിമയാണെങ്കില്‍ പരസ്യം വിളിച്ച് പറഞ്ഞ് നോട്ടീസ് വിതരണം ചെയ്ത് വണ്ടി വരും. നോട്ടീസ് പെറുക്കുക എന്നത് കുട്ടികള്‍ക്ക് ആവേശമായിരുന്നു.
കേരളത്തിലെ ആദ്യ മള്‍ട്ടി പ്ലക്‌സ് തീയറ്ററായിരുന്നു ബാനര്‍ജി റോഡില്‍ പത്രോസ് എസൈക്ക് 1981ല്‍ തുടങ്ങിയ സരിത, സവിത, സംഗീത. കേരളത്തിലെ ആദ്യത്തെ 70 എംഎം തീയറ്റര്‍ കൊച്ചി കോക്കേഴ്‌സായിരുന്നു. ത്യക്കാക്കരയിലെ പല തീയറ്ററുകളും ഇന്നില്ല. പകരം അവിടെ ഇരട്ടിയിലേറെ തീയറ്റര്‍ വന്നു. പണ്ട് പുതിയ സിനിമ കാണാന്‍ എറണാകുളം തീയറ്റര്‍ മാത്രമായിരുന്നു ആശ്രയം. റിലീസിങ്ങ് അവിടെ മാത്രമേ ഉണ്ടാകൂ. പക്ഷെ ഇപ്പോള്‍ പുതിയ സിനിമ കാണാന്‍ ഇടപ്പള്ളി ഭാഗത്തേയ്ക്ക് വരണമെന്നായി.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് ചേര്‍ന്നായിരുന്നു കൈരളി തീയറ്റര്‍ ഉണ്ടായിരുന്നത്. ഇവിടുത്തെ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോ കവലയിലേയും സ്ഥിരം ബോര്‍ഡുകളില്‍ പരസ്യപ്പെടുത്തും. മിക്കവാറും വ്യാഴാഴ്ച്ചയാണ് പോസ്റ്റര്‍ മാറ്റുക. കൈരളി തീയറ്ററിലെ സിനിമാ വിവരത്തിന് പൈപ്പ് ലൈന്‍ ജംഗ്ഷനിലെ ചായകടയുടെ മുന്നിലെ ബോര്‍ഡ് നോക്കണം. ശോഭയിലെ സിനിമയ്ക്ക് കവലയിലെ കടയുടെ മുന്നില്‍ വരണം. പ്രീതിയിലേയും, താരത്തിലേയും വിവരമറിയാന്‍ ത്യക്കാക്കര ക്ഷേത്രം വരെ പോകണം.
ഇടപ്പള്ളിയില്‍ നിന്ന് പുക്കാട്ടുപടിയിലേയ്ക്ക് ആരംഭിക്കുന്ന വഴിയില്‍ തന്നെയായിരുന്നു പ്രശസ്തമായ ശോഭ തീയറ്റര്‍. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമായിരുന്ന ഒരു ലക്ഷം രൂപ ലഭിച്ച ആളാണ് ശോഭ തീയറ്റര്‍ തുടങ്ങിയത്. ആദ്യത്തെ ചിത്രം ലോട്ടറി ടിക്കറ്റ്…! ഇഎംഎസ് നമ്പൂതിരിപാട് ശോഭാ തീയറ്ററില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ശോഭാ തീയറ്ററില്‍ സിനിമ മാത്രമല്ല, നാടകവും അവതരിപ്പിച്ചിട്ടുണ്ട്. ഇടപ്പള്ളി വട്ടേകുന്നം ലൈബ്രറിയുടെ ധനശേഖരാര്‍ത്ഥം നടത്തിയതായിരുന്നു നാടകം. മറ്റ് സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും ശോഭ തീയറ്റര്‍ വേദിയായിട്ടുണ്ടെന്ന് പഴമക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി സര്‍വ്വകലാശാലയിലേയ്ക്ക് തിരിയുന്ന പഴയ വഴിയിലായിരുന്നു താരം തീയറ്റര്‍. അത് ഒരു താഴ്ന്ന ഇടത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. പുരാണ സിനിമകളായിരുന്നു ഇവിടെ കൂടുതലും വന്നിരുന്നത്. സെന്റ് ജോസഫിലേയ്ക്ക് സ്‌കൂള്‍ ബസില്‍ യാത്ര ചെയ്തിരുന്ന കാലത്ത് തീയറ്റര്‍ സ്ഥിരമായി കണ്ടിരുന്നു. ഏറെ നാള്‍ താര തീയറ്റര്‍ പ്രവര്‍ത്തിച്ചില്ല എന്നാണ് മനസിലാക്കുന്നത്.
നോര്‍ത്ത് കളമശ്ശേരിയിലെ പ്രീതി തീയറ്റര്‍ വളരെ പ്രശസ്തമാണ്. പ്രദേശത്തെ യുവാക്കളെ ത്രസിപ്പിച്ചിരുന്ന ഉച്ചപ്പടത്തിന്റെ കേന്ദ്രമായിരുന്നു അവിടെ. നാല് തീയറ്ററുകളും ഒരു തലമുറയുടെ സിനിമാ സങ്കല്‍പ്പങ്ങളുടെ കേന്ദ്രങ്ങളായിരുന്നു. ഇവിടുങ്ങളില്‍ സിനിമ കണ്ട് ഈ മേഖലയില്‍ കടന്ന് വന്ന് വിജയം കൊയ്തവരുണ്ടാകും. ഓലയും, ടാര്‍ഷീറ്റും, തരകഷീറ്റും, പനമ്പും കൊണ്ട് മറച്ച തീയറ്ററുകളുടെ സ്ഥാനത്ത് ശീതീകരിച്ച തീയറ്ററുകളെത്തി. ഡോള്‍ബി ശബ്ദ ക്രമീകരണങ്ങളെത്തി. കിടന്ന് കൊണ്ട് സിനിമ കാണാവുന്ന സംവിധാനങ്ങളായി…