തിരുവനന്തപുരം: സംസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. തിരുവനന്തപുരം 125, കൊല്ലം 107, പത്തനംതിട്ട 76, ആലപ്പുഴ 111, കോട്ടയം 102, ഇടുക്കി 85, എറണാകുളം 126, തൃശൂര്‍ 142, പാലക്കാട് 133, മലപ്പുറം 166, കോഴിക്കോട് 109, വയനാട് 121, കണ്ണൂര്‍ 143, കാസര്‍ഗോഡ് 57 എന്നിങ്ങനെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കി ഉയര്‍ത്തിയത്. ആര്‍ദ്രം പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ തീരുമാനിച്ച 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ലാബ്, മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ അധ്യക്ഷതയിലാണ് പരിപാടികള്‍ നടന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, എം.എല്‍.എ.മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കുടുംബാരോഗ്യ ഉപകേന്ദ്രമായി സബ് സെന്ററുകള്‍ മാറുമെന്ന് മന്ത്രി പറഞ്ഞു. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ പരിരക്ഷയില്‍ പ്രധാനം. കോവിഡ് പ്രതിരോധത്തില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സബ് സെന്റര്‍ മുതലുള്ള ആശുപത്രികള്‍ക്ക് കഴിഞ്ഞു. പ്രാഥമിക തലത്തില്‍ തന്നെ മികച്ച ചികിത്സ ഉറപ്പാക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഇതുകൂടാതെയാണ് സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റുന്നത്. ആരോഗ്യ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി വ്യക്തമാക്കി.