കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കണ്ണൂരിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് പദ്ധതിയിലുള്‍പ്പെട്ട പൂര്‍വ്വവിദ്യാര്‍ത്ഥി സംഘങ്ങള്‍. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ സംയോജിപ്പിച്ച് സന്നദ്ധസേന രൂപീകരിച്ചു. നിലവില്‍ 12 പേരടങ്ങിയ ജില്ലാ പയനിയേഴ്‌സ് കോര്‍ഡിനേറ്റിംഗ് ടീമിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. 500 പേരടങ്ങുന്ന ഈ സംഘം നാല് സബ് ഡിവിഷനുകളിലായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ലോക് ഡൗണ്‍ കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 485 രോഗികള്‍ക്ക് മരുന്നുകളും അവശ്യവസ്തുക്കളും ഇവര്‍ എത്തിച്ചു. 2000 പേരടങ്ങുന്ന ബ്ലഡ് ഡോണേഴ്‌സ് കമ്മ്യൂണിറ്റി രൂപീകരിച്ച് 50 പേര്‍ക്ക് നേരിട്ടും 20 പേര്‍ക്ക് ബ്ലഡ് ബാങ്കുകളിലൂടെയും രക്തം എത്തിച്ചുനല്‍കുകയും ചെയ്തു. പോലീസ് സ്റ്റേഷനിലേയ്ക്കും സ്‌കൂളുകളിലേയ്ക്കുമുളള മാസ്‌ക് വിതരണം, ഇത്തരം സ്ഥാപനങ്ങളുടെ ശുചീകരണം, ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണമെത്തിക്കല്‍ എന്നിവയും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘം ഏറ്റെടുത്തു.
കൂടാതെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ ഭാഗമായി സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി പരീക്ഷാസഹായം നല്‍കുകയും പി.എസ്.സി കോച്ചിംഗ് ക്യാമ്പുകള്‍ക്ക് തുടക്കം കുറിക്കുകയുമുണ്ടായി. വ്യാജവാര്‍ത്തകള്‍ക്കെതിരെ ഓണ്‍ലൈനിലൂടെ ആന്റി ഫേക് ന്യൂസ് ക്യാമ്പയിന്‍ തുടങ്ങാനും ഇവര്‍ മടിച്ചില്ല. ഐ.റ്റി മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന നാലംഗസംഘത്തിന്റെ നേതൃത്വത്തില്‍ പയനിയേഴ്‌സ് ഐ.റ്റി ടീം രൂപീകരിച്ച് സാമൂഹ്യമാധ്യമങ്ങളുടെ നിരീക്ഷണവും പോസ്റ്റര്‍ ഡിസൈനിംഗും ചെയ്ത് വരുന്നു. ടെക്സ്റ്റ്ബുക്ക് ചലഞ്ച്, ടി.വി ചലഞ്ച് എന്നിവയിലൂടെ പഠനോപകരണങ്ങള്‍ സംഘടിപ്പിച്ച് കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ കൈത്താങ്ങായി.
കൃഷിജാലകം അഗ്രി കമ്മ്യൂണിറ്റി എന്ന വാട്‌സ്ആപ് ഗ്രൂപ്പ് വഴി വിവിധ ജില്ലകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചും പത്ത് ദിനം പത്ത് വിള എന്ന പദ്ധതിയില്‍ സഹകരിച്ചും ഇവര്‍ അടുക്കളത്തോട്ടങ്ങളും പ്രോത്സാഹിപ്പിച്ചു. പരിസ്ഥിതി ദിനത്തില്‍ 100 ഹരിത ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് 5001 വൃക്ഷത്തൈകള്‍ നടുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നു.
അച്ചടക്കത്തിലൂന്നിയ പ്രത്യേക പരിശീലനം നേടിയ ഈ കുട്ടികളുടെ സേവനം ഏത് സമയവും സമൂഹനന്‍മയ്ക്കായി ഉപയോഗിക്കാന്‍ കഴിയുന്നതിനാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചതെന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി പി.വിജയന്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായി പരിശീലനം ലഭിച്ച് പുറത്തിറങ്ങിയ ഒന്നര ലക്ഷത്തോളം കുട്ടികളുടെ സേവനം സമൂഹത്തിന് ഇനിയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇവരില്‍ പകുതയിലധികം പേരും ഇപ്പോള്‍ അംഗങ്ങളാണ്.


















