ഐ പി എല്ലിൽ പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യൻസിന് വൻ തോൽവി. രാജസ്ഥാൻ റോയൽസ് എട്ട് വിക്കറ്റിനാണ് മുംബൈയെ തകർത്തത്. ബെൻ സ്റ്റോക്സിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് രാജസ്ഥാന് ജയമൊരുക്കിയത്.
സ്കോർ:
മുംബൈ 195/5 (20)
രാജസ്ഥാൻ 196/2 (18.2 )
ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർ ഡി കോക്ക് ആദ്യം തന്നെ പുറത്തായി. രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനും(36 പന്തിൽ 37) സൂര്യകുമാർ യാദവും(26 പന്തിൽ 40) ചേർന്ന് ഇന്നിംഗ്സിന് അടിത്തറ പാകി. ഇരുവരും പുറത്തായ ശേഷമെത്തിയ ഹർദ്ദിക് പാണ്ഡ്യയും തിവാരിയും നിയന്ത്രണം ഏറ്റെടുത്തു. പാണ്ഡ്യയുടെ വെടിക്കെട്ടാണ് പിന്നീട് കണ്ടത്. ഏഴ് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 21 പന്തിൽ 60 റൺസാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. തിവാരി 34(25) ഇതിനിടെ പുറത്തായിരുന്നു.
വൻവിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാൻ്റെ തുടക്കം മോശമായി. ഉത്തപ്പയെയും നായകൻ സ്മിത്തിനെയും തുടക്കത്തിലേ പാറ്റിൻസൺ മടക്കി. പിന്നീട് ഒത്തുചേർന്ന ബെൻ സ്റ്റോക്സ്-സഞ്ജു സാംസൺ കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിംഗ്സിന് നെടുംതൂണായത്. പതിയെ താളം കണ്ടെത്തിയ ഇരുവരും ബൗണ്ടറികളിലൂടെ സ്കോറിംഗിന് വേഗം കൂട്ടി. ആദ്യം സ്റ്റോക്സും പിന്നീട് സഞ്ജുവും അർദ്ധ സെഞ്ച്വറി നേടി. 18-ാം ഓവറിലെ ആദ്യ പന്ത് സിക്സ് അടിച്ച് സ്റ്റോക്സ് സെഞ്ച്വറി തികച്ചു. രണ്ടാം പന്തിൽ ബൗണ്ടറി നേടി രാജസ്ഥാൻ്റെ വിജയവും കുറിച്ചു. 60 പന്തിൽ 107 റൺസെടുത്ത സ്റ്റോക്സിനൊപ്പം 31 പന്തിൽ 54 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു.