കെ.അരവിന്ദ്
1972ല്‍ സ്ഥാപിതമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ ഡ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കമ്പനി രാജ്യത്തെ കപ്പല്‍ നിര്‍മാണ, അറ്റക്കുറ്റപ്പണി മേഖലയിലെ മുന്‍നിരയിലേക്ക് ഉയര്‍ന്നു.
രാജ്യത്തെ ഏറ്റവും വലിയ കപ്പലുകള്‍ നിര്‍മിക്കാനും അറ്റക്കുറ്റപ്പണി നടത്താനുമുള്ള ശേഷി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ട്. കപ്പല്‍ നിര്‍മാണത്തിനായി യൂറോപ്പിലെയും ഗള്‍ഫ് മേഖലയിലെയും രാജ്യാന്തര രംഗത്ത് അറിയപ്പെടുന്ന കമ്പനികളില്‍ നിന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായുണ്ടാക്കുന്ന എയര്‍ക്രാഫ്‌റ്റ് കാരിയര്‍ കപ്പലിനുള്ള ഓര്‍ഡറും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനാണ് ലഭിച്ചത്.
1982ലാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കപ്പലുകളുടെ അറ്റക്കുറ്റപ്പണി ആരംഭിച്ചത്. എല്ലാ തരത്തിലുമുള്ള കപ്പലുകളുടെയും അറ്റക്കുറ്റപ്പണി ഇവിടെ ചെയ്യുന്നുണ്ട്. എണ്ണ പര്യവേഷണ മേഖലയില്‍ ഉപയോഗിക്കുന്ന കപ്പലുകളില്‍ പുതിയ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും നാവികസേന, തീര സംരക്ഷണ സേന, ഫിഷറീസ്, പോര്‍ട് ട്രസ്റ്റ് എന്നിവയുടെ കപ്പലുകളുടെയും ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും ഒഎന്‍ജിസിയുടെയും മെര്‍ച്ചന്റ് ഷിപ്പുകളുടെയും കാലദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ചെയ്യുന്നു. എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. എല്ലാ വര്‍ഷവും നൂറോളം എഞ്ചിനീയര്‍മാരാണ് ഇവിടെ പരിശീലനം പൂര്‍ത്തിയാക്കുന്നത്.
നിലവില്‍ 3000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റക്കുറ്റപ്പണിയില്‍ നിന്നും മികച്ച ലാഭമാണ് കമ്പനിയുണ്ടാക്കിയത്. ഡോക്കിന്റെ ശേഷിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് രാജ്യത്തെ ലാഭമുണ്ടാക്കുന്ന ഏക കപ്പല്‍ശാല കൂടിയാണ്. എബിജി ഷിപ് യാര്‍ഡ്, റിലയന്‍സ് ഡിഫ ന്‍സ്, ഭാരതി ഡിഫന്‍സ് എന്നിവ നഷ്‌ടത്തിലോടുന്ന കപ്പല്‍ശാലകളാണ്. നിലവില്‍ 80 മുതല്‍ നൂറ് വരെ കപ്പലുകളാണ് ഇവിടെ അറ്റക്കുറ്റപ്പണി ചെയ്യുന്നത്. സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതോടെ ഇതിന്റെ ഇരട്ടി കപ്പലുകള്‍ അറ്റക്കുറ്റപ്പണി ചെയ്യാനാകും.
പ്രതിരോധ മേഖലയില്‍ ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും രാജ്യത്തിന് അകത്ത് ഒരുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്ന സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പരിഗണനീയമായ ഓഹരിയാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡ്.