കെ.അരവിന്ദ്
ഓഹരി വിപണി കടുത്ത ഇടിവ് നേരിടുന്നതാണ് പോയ വാരം കണ്ടത്. ഈ വര്‍ഷം വിപണി ഉണ്ടാക്കിയ നേട്ടമെല്ലാം കഴിഞ്ഞ ഒരാഴ്ച കൊണ്ട് ചോര്‍ന്നുപോയി. കനത്ത വില്‍പ്പന സമ്മര്‍ദമാണ് ഇതിന് കാരണമായത്.
നേരത്തെ വിപണിയെ മുകളിലേക്ക് നയിച്ചുകൊണ്ടിരുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടങ്ങിയതാണ് ഇടിവിലേക്ക് നയിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 1100 പോയിന്റിലേറെയാണ് നിഫ്റ്റി ഇടിഞ്ഞത്. അഞ്ച് ശതമാനത്തിലേറെയാണ് തിരുത്തല്‍ സംഭവിച്ചത്.
സൂചികകളായ നിഫ്റ്റിയിലും സെന്‍സെക്സിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള റിലയന്‍സ് ഇന്റസ്ട്രീസ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട മൂന്നാം ത്രൈമാസ പ്രവര്‍ത്തനഫലം മികച്ചതായിരുന്നെങ്കിലും വിപണിയില്‍ പ്രവണത പ്രതികൂലമായതിനാല്‍ ഓഹരി ഇടിവ് നേരിട്ടു. റിലയന്‍സനും വിപണിക്ക് തുണയാകന്‍ സാധിച്ചില്ല.
നിഫ്റ്റിക്ക് 13,700ല്‍ ഉണ്ടായിരുന്ന താങ്ങ് ഭേദിക്കപ്പെടുകയും 13,700ന് താഴെ ക്ലോസ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത താങ്ങുള്ളത് 13,200ലാണ്. മുകളിലേക്ക് ഉയരുകയാണെങ്കില്‍ 14,000ല്‍ പ്രതിരോധം പ്രതീക്ഷിക്കാം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തുന്ന ബജറ്റ് അവതരണത്തെയാണ് വിപണി ഉറ്റുനോക്കുന്നത്. വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുകയാണെങ്കില്‍ തിരിച്ചുകയറാനുള്ള എല്ലാ സാധ്യതയുമുണ്ട്.



















