മുംബൈ: സെന്‍സെക്‌സ് 746 പോയിന്റും നിഫ്‌റ്റി 218 പോയിന്റും ഇടിവ് നേരിട്ട ഇന്ന് വിപണി കടുത്ത വില്‍പ്പന സമ്മര്‍ദത്തിന് വിധേയമായി. കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ് ഓഹരി വിപണി ഇന്ന് വ്യാപാരത്തിലുടനീളം കടന്നുപോയത്. ഇന്നലെ റെക്കോഡ് നേട്ടം രേഖപ്പെടുത്തിയതിനു ശേഷം കുത്തനെയുള്ള തിരുത്തലാണ് വിപണിയില്‍ നടന്നത്. ഇന്ന് നിഫ്‌റ്റി ഒന്നര ശതമാനം നഷ്‌ടം നേരിട്ടു. ഒരു മാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന നഷ്‌ടമാണ് ഇത്.
ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. രാവിലെ 14,500 പോയിന്റ് നിലവാരത്തില്‍ വ്യാപാരം തുടങ്ങിയ നിഫ്‌റ്റി അതിനു ശേഷം തുടര്‍ച്ചയായ ഇടിവാണ് നേരിട്ടത്. ഇന്നത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 260 പോയിന്റ് വരെ വ്യതിയാനം നിഫ്‌റ്റിയിലുണ്ടായി. 14,357 വരെ ഇടിഞ്ഞ നിഫ്‌റ്റി 14,371ലാണ് ക്ലോസ് ചെയ്‌തത്.
ബാങ്ക് നിഫ്‌റ്റി 31,200ലേക്ക് ഇടിഞ്ഞു. ഓട്ടോമൊബൈല്‍ ഒഴികെയുള്ള എല്ലാ മേഖലകളും ഇടിവ് നേരിട്ടു. മെറ്റല്‍, ബാങ്ക് ഓഹരികളാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. നിഫ്‌റ്റി മെറ്റല്‍, ബാങ്ക് സൂചികകള്‍ മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു.
നിഫ്‌റ്റിയിലെ ഭൂരിഭാഗം ഓഹരികളും നഷ്‌ടം നേരിട്ടു. നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 41ഉം ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഓഹരികളില്‍ ബജാജ് ഓട്ടോ ആണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്. ബജാജ് ഓട്ടോയുടെ ഓഹരി വില 11.23 ശതമാനമാണ് ഉയര്‍ന്നത്.