മുംബൈ: ആഗോള സൂചനകള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഹരി വിപണി ഇന്ന് കനത്ത ഇടിവ് നേരിട്ടു. തുടര്‍ച്ചയായ മൂന്നാമ ദിവസത്തെ ദിവസമാണ് വിപണി നഷ്‌ടം രേഖപ്പെടുത്തുന്നത്. സെന്‍സെക്‌സ് 811ഉം നിഫ്‌റ്റി 254ഉം പോയിന്റ് ഇടിഞ്ഞു. രാവിലെ നേട്ടത്തിലായിരുന്നെങ്കിലും പിന്നീട് കനത്ത ഇടിവാണ് വിപണിയിലുണ്ടായത്.
38,034 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ 38,990.76 പോയിന്റ് വരെ ഉയര്‍ന്ന സെന്‍സെക്‌സ് അവിടെ നിന്നും ഒരു ഘട്ടത്തില്‍ ആയിരം പോയിന്റിലേറെ ഇടിഞ്ഞു. 37,938.53 വരെ ഇടിവ് നേരിട്ടതിനു ശേഷമാണ് 38,034ല്‍ ക്ലോസ് ചെയ്‌തത്.
11,500ന് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്‌റ്റി വ്യാപാരത്തിനിടെ 11,218 പോയിന്റ് വരെ ഇടിഞ്ഞു. 11,250ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള സൂചനകളാണ് വിപണിയെ കനത്ത വില്‍പ്പന സമ്മര്‍ദത്തിലേക്ക് നയിച്ചത്. ഏഷ്യന്‍, യൂറോപ്യന്‍ ഓഹരികള്‍ ഇന്ന് കനത്ത നഷ്‌ടമാണ് നേരിട്ടത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. 47 ഓഹരികള്‍ നഷ്‌ടത്തിലായപ്പോള്‍ മൂന്ന് ഓഹരികള്‍ ലാഭത്തിലായി. ടിസിഎസ്, ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടത്തിലായത്.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് 8.55 ശതമാനം നഷ്‌ടം നേരിട്ടു. ടാറ്റാ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഫ്രാടെല്‍, മഹീന്ദ്ര & മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നിവ അഞ്ച് ശതമാനത്തിലേറെ നഷ്‌ടം നേരിട്ട സൂചികാധിഷ്‌ഠിത ഓഹരികളാണ്.
മെറ്റല്‍ ഓഹരികളാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. നിഫ്‌റ്റി മെറ്റല്‍ സൂചിക 5.33 ശതമാനം നഷ്‌ടമാണ് രേഖപ്പെടുത്തിയത്. നിഫ്‌റ്റി ഫാര്‍മ 4.6 ശതമാനവും നിഫ്‌റ്റി ഓട്ടോ സൂചിക 4.40 ശതമാനവും നിഫ്‌റ്റി ബാങ്ക് സൂചിക 3.36 ശതമാനവും ഇടിവ് നേരിട്ടു.