കെ.അരവിന്ദ്
ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നതാണ് പോയവാരം കണ്ടത്. നിഫ്‌റ്റി ആദ്യമായി 13,200 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്ന് പുതിയ റെക്കോഡ് സൃഷ്‌ടിച്ചു. സെന്‍സെക്‌സ് ആദ്യമായി 45,000 പോയിന്റ് മറികടന്നതോടെ വിപണി കുതിപ്പിന്റെ അടുത്ത ഘട്ടത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്.
പൊതുവെ പോയവാരം മുന്നേറ്റ പ്രവണതയാണ് വിപണിയിലുണ്ടായിരുന്നത്. പോയവാരം 289 പോയിന്റാണ് നിഫ്‌റ്റി ഉയര്‍ന്നത്. മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്, പൊതുമേഖലാ ബാങ്ക് ഓഹരികളാണ് മുന്നേറ്റം രേഖപ്പെടുത്തിയത്. ആഗോള വിപണിയും പൊതുവെ നേട്ടത്തിലായിരുന്നു. ലിക്വിഡിറ്റി തന്നെയാണ് വിപണിയുടെ കുതിപ്പിന് പിന്നില്‍. സമ്പദ് വ്യവസ്ഥ കരകയറുമെന്ന പ്രതീക്ഷയും വാക്‌സിന്‍ ഉടനെയെത്തുമെന്ന വാര്‍ത്തകളും വിപണിക്ക് തുണയായി.
അതേസമയം വിപണിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. ചില ദിവസങ്ങളില്‍ ശക്തമായ വില്‍പ്പന നടക്കുന്നതും കണ്ടു. എന്നാല്‍ മൊത്തത്തിലുള്ള മുന്നേറ്റ പ്രവണത നിലനിര്‍ത്താന്‍ വിപണിക്ക് സാധിച്ചു.
ഓട്ടോ മേഖലയും പോയ വാരം വിപണിയിലെ മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചു. മാരുതി സുസുകി പുതിയ ബ്രേക്ക് ഔട്ടിലേക്ക് കടന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുകി 1.53,223 കാറുകളാണ് നവംബറില്‍ വിറ്റത്. മുന്‍ വര്‍ഷം നവംബറില്‍ കൈവരിച്ചതിനേക്കാള്‍ 1.7 ശതമാനം വളര്‍ച്ച വില്‍പ്പനയിലുണ്ടായി. അടുത്ത വര്‍ഷം കമ്പനിയുടെ ബിസിനസ് 2020 ലേതിനേക്കാള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘടകങ്ങള്‍ മാരുതിയുടെ ഓഹരി മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഈ അനുകൂല വാര്‍ത്തകള്‍ സഹായകമായി.
നിഫ്‌റ്റി 13,200 പോയിന്റിലുണ്ടായിരുന്ന പ്രതിരോധം മറികടന്ന നിലക്ക് 13,600 ലാണ് അടുത്ത പ്രതിരോധം. വിപണി തിരുത്തല്‍ നേരിടുകയാണെങ്കില്‍ 12,400ല്‍ ആണ് താങ്ങുള്ളത്. ബാങ്ക് നിഫ്‌റ്റി 29,100ലുള്ള പ്രതിരോധം മറികടന്നതിനാല്‍ അടുത്ത പ്രതിരോധം 32,000 പോയിന്റിലാണ്. 28,000ലാണ് താങ്ങുള്ളത്.











