കെ.അരവിന്ദ്
ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നതാണ് പോയവാരം കണ്ടത്. നിഫ്‌റ്റി ആദ്യമായി 13,000 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്ന് പുതിയ റെക്കോഡ് സൃഷ്‌ടിച്ചു. അതേസമയം വിപണിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. ചില ദിവസങ്ങളില്‍ ശക്തമായ വില്‍പ്പന നടക്കുന്നതും കണ്ടു. എന്നാല്‍ മൊത്തത്തിലുള്ള മുന്നേറ്റ പ്രവണത നിലനിര്‍ത്താന്‍ വിപണിക്ക് സാധിച്ചു.
ആഗോള സൂചനകളാണ് വിപണിയിലെ ചാഞ്ചാട്ടത്തില്‍ പ്രതിഫലിച്ചത്. ലിക്വിഡിറ്റി തന്നെയാണ് വിപണിയെ നയിക്കുന്ന പ്രധാന ഘടകം. 50,000 കോടി രൂപയിലേറെയാണ് നവംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും തുക ഒരു മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിക്കുന്നത്.
ബാങ്ക്, മെറ്റല്‍, ഓട്ടോ എന്നീ മേഖലകളാണ് പ്രധാനമായും പോയവാരം വിപണിയിലെ മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചത്. വാഹന വില്‍പ്പന ദീപാവലി സീസണില്‍ വര്‍ധിച്ചതാണ് ഓട്ടോ മൊബൈല്‍ ഓഹരികളുടെ മുന്നേറ്റത്തിന് പ്രധാന കാരണം. അടുത്ത മാസം ആദ്യത്തോടെ നവംബറിലെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ ഓട്ടോ കമ്പനികള്‍ പുറത്തുവിടും. ഈ മാസം മികച്ച വര്‍ധന രേഖപ്പെടുത്തുമെന്ന പ്രതീക്ഷ ഓഹരികളുടെ വില ഉയരുന്നതിന് വഴിവെച്ചു.
ബാങ്കിംഗ് ഓഹരികള്‍ ടെക്‌നിക്കല്‍ ആയി ഒരു ബ്രേക്ക് ഔട്ട് കഴിഞ്ഞു നില്‍ക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് പോയ വാരവും ബാങ്കിംഗ് ഓഹരികളില്‍ കണ്ടത്. ആഗോള തലത്തില്‍ മെറ്റല്‍ വിലകളുടെ വര്‍ധന ഈ മേഖലയിലെ ഓഹരികളിലും പ്രതിഫലിച്ചു. നിഫ്‌റ്റി 13,000 പോയിന്റിലുണ്ടായിരുന്ന പ്രതിരോധം മറികടന്ന നിലക്ക് 13,600 ലാണ് അടുത്ത പ്രതിരോധം. വിപണി തിരുത്തല്‍ നേരിടുകയാണെങ്കില്‍ 12,400ല്‍ ആണ് താങ്ങുള്ളത്.
ബാങ്ക് നിഫ്‌റ്റി 29,100ലുള്ള പ്രതിരോധം മറികടന്നതിനാല്‍ അടുത്ത പ്രതിരോധം 32,000 പോയിന്റിലാണ്. 28,000ലാണ് താങ്ങുള്ളത്. അടുത്തയാഴ്‌ച റിസര്‍വ് ബാങ്കിന്റെ ധനനയ അവലോകന യോഗം നടക്കാനിരിക്കുകയാണ്. ഡിസംബര്‍ നാലിന് നടക്കുന്ന യോഗത്തില്‍ ആര്‍ബിഐ എടുക്കുന്ന തീരുമാനങ്ങള്‍ വിപണിയെ സ്വാധീനിക്കും. മുന്നേറ്റ പ്രവണത നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു പരിധിക്കുള്ളില്‍ വിപണി നീങ്ങുന്നതിനാണ് സാധ്യത. ശക്തമായ ഉയര്‍ച്ചയോ ഇടിവോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.












