മുംബൈ: ഓഹരി വിപണി ഇന്ന് പുതിയ റെക്കോഡ് നിലവാരത്തിലെത്തി. ഓഹരി സൂചിക ഇന്ന് തുടക്കത്തില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും അവസാന മണിക്കൂറുകളില്‍ കുതിപ്പ് തുടര്‍ന്നു. കരടികള്‍ക്ക് യാതൊരു അവസരവും നല്‍കാതെ കാളകള്‍ പിടിമുറുക്കുന്നതാണ് കണ്ടത്. 14,500 എന്ന സുപ്രധാന നിലവാരം ഇതിനിടെ നിഫ്റ്റി മറികടന്നു.
14,590 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി 14,563ലാണ് ക്ലോസ് ചെയ്തത്. ഇന്നലത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 78 പോയിന്റ് ആണ് ഉയര്‍ന്നത്. സെന്‍സെക്സ് ആദ്യമായി 49,500ന് മുകളിലേക്ക് ഉയര്‍ന്നു. 247 പോയിന്റിന്റെ മുന്നേറ്റമാണ് സെന്‍സെക്സിലുണ്ടായത്. 49517.11 പോയിന്റിലാണ് ഇന്ന് സെന്‍സെക്സ് ക്ലോസ് ചെയ്തത്.
പ്രധാനമായും പൊതുമേഖലാ ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ ഓഹരികളാണ് വിപണിയെ പുതിയ ഉയരത്തിലേക്ക് നയിച്ചത്. അതേ സമയം ഫാര്‍മ, ഐടി, എഫ്എംസിജി ഓഹരികള്‍ നഷ്ടം നേരിട്ടു. ഓട്ടോ ഓഹരികളില്‍ ടാറ്റാ മോട്ടോഴ്സ് ഇന്നും കുതിപ്പ് തുടര്‍ന്നു. ടാറ്റാ മോട്ടോഴ്സ് ഇന്ന് 7.5 ശതമാനമാണ് ഉയര്‍ന്നത്.
ഡിഎല്‍എഫിന്റെ ഓഹരി വില 9 ശതമാനം ഉയര്‍ന്നു. 278.35 എന്ന 52 ആഴ്ചത്തെ പുതിയ ഉയര്‍ന്ന വില ഡിഎല്‍എഫ് രേഖപ്പെടുത്തി. പൊതുവെ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഡിഎല്‍എഫ് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ മുന്നേറ്റ പ്രവണത കാട്ടുകയാണ് ചെയ്യുന്നത്. നിലവില്‍ തിരുത്തലിന്റെ യാതൊരു സൂചനയും ഓഹരി വിപണിയില്‍ കാണുന്നില്ല. യാതൊരു തടസവുമില്ലാതെ നിഫ്റ്റി കുതിപ്പ് തുടരുന്നതാണ് കാണുന്നത്. നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. 28 ഓഹരികള്‍ ലാഭത്തിലായപ്പോള്‍ 22 ഓഹരികള്‍ നഷ്ടം നേരിട്ടു.