മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്ന് ദിവസം നേട്ടം രേഖപ്പെടുത്തിയതിനു ശേഷം ചാഞ്ചാട്ടത്തിലേക്ക് ഗതി മാറുന്നതാണ് ഇന്ന് കണ്ടത്. മൂന്ന് ദിവസത്തെ കുതിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് ഓഹരി വിപണി നഷ്ടം രേഖപ്പെടുത്തി.
ശക്തമായ കരകയറ്റമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിപണി നടത്തിയത്. എന്നാല്‍ പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് ഇന്ന് വിപണി നഷ്ടം നേരിട്ടു. സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു.
1.1 ശതമാനം ഇടിഞ്ഞ് 15,080 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ശക്തമായ ചാഞ്ചാട്ടം വിപണിയില്‍ പ്രകടമായി. വ്യാപാരത്തിനിടെ 14,980 വരെ ഇടിഞ്ഞ നിഫ്റ്റി 15,202 വരെ ഉയര്‍ന്നെങ്കിലും വീണ്ടും ഇടിവ് നേരിട്ട് 15,080ല്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി മീഡിയ സൂചിക ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടം നേരിട്ടു. നിഫ്റ്റി മെറ്റല്‍ സൂചിക രണ്ട് ശതമാനവും ബാങ്ക് സൂചിക 1.56 ശതമാനവും ഇടിഞ്ഞു. ഇന്ന് ഏറ്റവും ശക്തമായ ഇടിവ് നേരിട്ട നാല് നിഫ്റ്റി ഓഹരികളില്‍ മൂന്നും മെറ്റല്‍ ഓഹരികളാണ്. ബാങ്ക് നിഫ്റ്റി 550 പോയിന്റ് ഇടിഞ്ഞ് 36,000 പോയിന്റിന് താഴെ ആയാണ് ക്ലോസ് ചെയ്തത്.
അതേ സമയം മിഡ്കാപ്, സ്മോള്‍കാപ് ഓഹരികള്‍ നിഫ്റ്റിയില്‍ നിന്നും വേറിട്ട പ്രകടനം കാഴ്ച വെക്കുന്നത് തുടര്‍ന്നു. നിഫ്റ്റി മിഡ്കാപ് സൂചിക 0.5 ശതമാനവും സ്മോള്‍കാപ് സൂചിക 1.2 ശതമാനവും ഉയര്‍ന്നു. എന്‍എസ്ഇയിലെ 1022 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 862 ഓഹരികള്‍ നഷ്ടം നേരിട്ടു.